മെഗാ ഫുട്ബോൾ മേളക്ക് ഓഗസ്റ്റ് 19നു തുടക്കം കുറിക്കും
Friday, August 19, 2016 6:14 AM IST
കുവൈത്ത്: കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) ആഭ്യമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മെഗാ മേളയുടെ അഞ്ചാം സീസണിന് മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 19നു (വെള്ളി) തുടക്കം കുറിക്കും.

സോക്കർ ലീഗിനു പുറമെ മാസ്റ്റേഴ്സ് ലീഗിനും നാളെ പന്തുരുളും. ജനസമ്മിതി കൊണ്ട് തന്നെ ജിസിസിയിലെ തന്നെ മികച്ച സോക്കർ ലീഗായ കെഫാക് സോക്കർ ലീഗിന്റെ അഞ്ചാം പതിപ്പിനെ വരവേൽക്കാൻ പ്രവാസി മലയാളികൾ തയാറായി ക്കഴിഞ്ഞു.

സോക്കർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സോക്കർ കേരള മൂന്നാം സ്‌ഥാനക്കാരായ യംഗ് ഷൂട്ടേഴ്സ് അബാസിയയെ നേരിടും. രണ്ടു ഗ്രൂപ്പുകളിലായി കുവൈത്തിലെ പ്രമുഖരായ പതിനെട്ടു മലയാളി ക്ലബ്ബുകൾ പരസ്പരം കൊമ്പുകോർക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് മാസ്റ്റേഴ്സിന്റെ മത്സരങ്ങളാണ് ആദ്യം തുടങ്ങുക. നിലവിലെ ജേതാക്കളായ ചാമ്പ്യൻസ് എഫ്സി, സിയസ്കോ കുവൈത്തുമായി ഏറ്റുമുട്ടും. പ്രവാസി മലയാളികൾക്ക് കേഫാക് സമ്മാനിക്കുന്ന ഫുട്ബോൾ മേള ഇനിയുള്ള വെള്ളിയാഴ്ചകളിൽ മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ അരങ്ങേറും.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ