അന്ധ ദമ്പതികൾക്ക് ജീവിതത്തിന്റെ വെളിച്ചം നൽകി കെഎച്ച്എൻഎ
Friday, August 19, 2016 6:13 AM IST
ന്യൂയോർക്ക്: ജീവിതത്തിലെ അസാധാരണമായ പ്രതിസന്ധികളെ സധൈര്യം നേരിടുന്നവർക്കും പരീക്ഷണ കാലങ്ങളുണ്ടാവാം. അത്തരം ഒരു പ്രതിസന്ധിയാണ് അന്ധരായ ദമ്പതികളായ ഷാജിയും ലൈലയും നേരിട്ടത്.

കുന്നംകുളത്ത് സ്‌ഥിതി ചെയ്യുന്ന ‘വിഭിന്ന വൈഭവ വികസന വേദി’ എന്ന ഭിന്ന ശേഷിയുള്ളവരുടെ സംഘടനയെ നയിച്ചിരുന്ന ഇവർ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി അവരെ സംഗീത കലാരംഗത്തും സ്വയം തൊഴിൽ പരിശീലനം നൽകി പ്രവർത്തി മേഖലയിലും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവർത്തിച്ചിരുന്നത്. പ്രവർത്തനങ്ങൾ നഷ്‌ടത്തിലാവുകയും അത് അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുമെന്നായപ്പോൾ ഒരു നിയോഗം പോലെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുമായി ബന്ധപ്പെടുന്നത്.

സമയ ബന്ധിതമായി മഴക്കാല വിപണിയെ ലക്ഷ്യമിട്ടു മേയ് അവസാന വാരം കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ കുന്നംകുളത്ത് ഷാജിയുടെ വീട്ടിലെത്തി കെഎച്ച്എൻഎ സേവാ വിഭാഗത്തിന്റെ സഹായമായി ഒരു ലക്ഷത്തി പതിനാറായിരം രൂപ നൽകി.

ഇതു വരെയായി ആയിരത്തോളം കുടകൾ നിർമിച്ച് വിപണനം നടത്തുവാനും ആറു ഭിന്നശേഷിക്കാരായ ആളുകൾക്ക് പരിശീലനം നടത്തുവാനും അവർക്കു സാധിച്ചു. ന്യൂയോർക്കിൽ നിന്നും കൃഷ്ണരാജ് മോഹനനും കേരളത്തിൽ പ്രകാശ് വെള്ളയൂരും ആയിരുന്നു സേവാ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.

സേവന വഴികളിൽ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നു കെഎച്ച്എൻഎ മുൻപോട്ടു പോവുമ്പോൾ സംഘടനയുടെ തന്നെ ചരിത്രത്തിലെ നാഴികക്കല്ലാവുകയാണ് ഇത്തരം പുതിയ സംരഭങ്ങൾ. വിവിധ സേവാ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോവുന്ന കെഎച്ച്എൻഎ സേവാ സമിതിയുടെ അധ്യക്ഷൻ ഹരികൃഷ്ണൻ നമ്പൂതിരിയും കോ ഓർഡിനേറ്റർ മധു പിള്ളയുമാണ്.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം