കേരളത്തിലെ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി കിൻഡർ ഫോർ കിൻഡർ
Thursday, August 18, 2016 7:05 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ‘കിൻഡർ ഫോർ കിൻഡർ’ എന്ന വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ ഈ വർഷത്തെ ആദ്യ ഗഡു വിതരണം ചെയ്തു.

എറണാകുളം രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 10,15,000 രൂപയുടെ ചെക്ക് കിൻഡർ ഫോർ കിൻഡർ പ്രതിനിധികളായ ലേന പറയംപിള്ളിൽ, അഞ്ജു പുളിക്കൽ, അഞ്ജു മാളിയേക്കൽ, അങ്കിത് പുളിക്കൽ എന്നിവർ ചേർന്നു കൈമാറി.

രാജഗിരി ഡയറക്ടർ ഫാ. ജോസ് അലക്സ് അധ്യക്ഷത വഹിച്ചു. കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജെസി പീറ്റർ മുഖ്യാതിഥി ആയിരുന്നു.

രാജഗിരി കോളജ് പ്രിൻസിപ്പൽ ഡോ. ബിനോയ്, ജേക്കബ് മാളിയേക്കൽ, ബെന്നി പുളിക്കൽ, രാജഗിരി ഔട്ട് റീച്ച് ഡയറക്ടർ എം.പി ആന്റണി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഈ പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടി നന്ദി പറഞ്ഞത് സ്വിസ് മലയാളി സംഘടനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു. പഠനത്തിൽ മിടുക്കി ആയിരുന്ന ഈ കുട്ടിയെ പഠിപ്പിച്ചത് കേളി പദ്ധതിയിലൂടെ ആയിരുന്നു. എംബിഎ ക്ക് ഒന്നാം റാങ്കും മൾട്ടിനാഷണൽ കമ്പനിയിൽ ഫിനാൻസ് അഡ്വൈസർ ആയി ജോലിയും ലഭിച്ചു.

കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതി ആണ് കിൻഡർ ഫോർ കിൻഡർ. കഴിഞ്ഞ പത്തു വർഷമായി സ്വിറ്റ്സർലൻഡിലെ മലയാളി കുട്ടികൾ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിന് ഈ പദ്ധതിയിലൂടെ സഹായിച്ചു വരുന്നു. പഠനത്തിൽ സമർഥരായ കുട്ടികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസ സഹായപദ്ധതിയും കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ പുതിയതായി കുട്ടികൾ ചെയ്യുന്നു.

സാംസ്കാരിക പ്രവർത്തനത്തോടൊപ്പം സാമൂഹ്യ സേവനവും ലക്ഷ്യമായി പ്രവർത്തിക്കുന്ന യൂറോപ്പിലെ ആദ്യ മലയാളി സംഘടനയായ കേളി കഴിഞ്ഞ 18 വർഷമായി നിരവധി കാരുണ്യ പ്രവർത്തികൾ ചെയ്തു വരുന്നു.

കേളിയുടെ ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന തുക സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു. കിൻഡർ ഫോർ കിൻഡർ വർഷം തോറും നടത്തി വരുന്ന ഫണ്ട് റൈസിംഗ് പരിപാടികളിലൂടെയും സുമനസുകളായ സ്വിസ് മലയാളികളുടെ പിന്തുണയോടെയും സ്വരൂപിക്കുന്ന തുകയാണ് പദ്ധതിയുടെ അടിത്തറ. ഓരോ സ്പോൺസർഷിപ്പ് തുകയുടെ ഈരണ്ട് കുട്ടികളെ വീതം നാട്ടിൽ പഠിപ്പിക്കുന്നു. ഈ വർഷം നാനൂറു കുട്ടികളെ പഠിപ്പിക്കുവാൻ കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ സാധിച്ചുവെന്നു കൺവീനർ സോബി പറയംപിള്ളിൽ അറിയിച്ചു. കൂടാതെ ഉന്നത വിദ്യാഭാസ സഹായ പദ്ധതിയിലൂടെ 15 പ്രഫഷണൽ സ്കൂളിലെ വിദ്യാർഥികളേയും സഹായിച്ചു.