ലിൻസന്റെ മടക്കം വൈകിയേക്കും
Thursday, August 18, 2016 7:04 AM IST
മസ്ക്കറ്റ്: ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട സ്വകാര്യ ആശുപത്രി സ്റ്റാഫ് നഴ്സും കറുകുറ്റി സ്വദേശിനിയുമായ ചിക്കു റോബർട്ടിന്റെ ഭർത്താവ് ചങ്ങനാശേരി സ്വദേശി ലിൻസന്റെ നാട്ടിലേയ്ക്കുള്ള മടക്കം വൈകും.

കഴിഞ്ഞ നാലുമാസമായി സലാലയിൽ റോയൽ ഒമാൻ പോലീസ് കസ്റ്റഡിയിലായിരുന്ന ലിൻസനെ ബുധനാഴ്ചയാണ് മോചിപ്പിച്ചത്.

നിയമ പ്രകാരം ഒരാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാവുന്ന സമയപരിധി 120 ദിവസമാണ്. ഈ സമയപരിധി കഴിഞ്ഞതോടെയാണ് സലാലയിൽ നിന്നും പുറത്തു പോകരുതെന്ന വ്യവസ്‌ഥയോടെ കസ്റ്റഡിയിൽ നിന്നും വിട്ടതെന്നു പോലീസ് വൃത്തങ്ങൾ വ്യക്‌തമാക്കി.

കേസിൽ ലിൻസന് എതിരായി വ്യക്‌തമായ തെളിവുകൾ പോലീസിനു കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രതികളെ പിടികൂടാനോ, കേസ് തെളിയിക്കുവാനോ സാധിച്ചിട്ടില്ല. എന്നിരിക്കെ കേസ് സംബന്ധിച്ചു അന്തിമ തീരുമാനമാകാതെ ലിൻസനു നാട്ടിലേയ്ക്കു മടങ്ങുവാൻ നിയമപരമായ തടസങ്ങളുണ്ട്.

ഏപ്രിൽ ഇരുപതിന് ദമ്പതികൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ ചിക്കുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റേ ദിവസം മുതൽ

പോലീസ് കസ്റ്റഡിയിലായിരുന്ന ലിൻസന്റെ മോചനം വീട്ടുകാർക്കും മറ്റു ബന്ധപ്പെട്ടവർക്കും ആശ്വാസമായെങ്കിലും നാട്ടിലെത്തുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം