എയർപോർട്ടിലെ സുരക്ഷാ മേഖലയിൽനിന്ന് പോക്കെമോനെ പുറത്താക്കണമെന്ന് ആവശ്യം
Tuesday, August 16, 2016 8:16 AM IST
ബർലിൻ: ജർമൻ പോലീസും എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും പോക്കെമോൻ ഗോ എന്ന ഗെയിമിനെതിരേ രംഗത്ത്. വിമാനത്താവളത്തിലെ സുരക്ഷാ മേഖലകൾക്കുള്ളിൽ പോക്കെമോൻ കൺട്രോളുകൾ ഉള്ളത് ഡിലീറ്റ് ചെയ്യാനാണു നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്മാർട്ട്ഫോണിൽ ഗെയിം കളിച്ച് വരുന്നവർ സുരക്ഷാ മേഖലയ്ക്കുള്ളിൽ കടക്കുന്നത് പ്രശ്നങ്ങൾക്കു കാരണമാകാമെന്നാണു മുന്നറിയിപ്പ്.

എഗ്, പോക്കെ ബോൾ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള പോക്കെസ്റ്റോപ്പുകൾ ഇത്തരം മേഖലകളിൽനിന്ന് മാറ്റണമെന്നാണ് ആവശ്യം.

കളിക്കാർ അറിയാതെ പരിശോധനകൾ ഒഴിവാക്കുകയോ എമർജൻസി വാതിലുകൾ തുറന്നു കയറുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അവർ പറയുന്നു.

ഓഗ്മെന്റഡ് റിയാലിറ്റി രീതിയിലാണു പോക്കെമോൻ ഗെയിം. പോയിന്റുകൾ ശേഖരിക്കുന്നത് പുറത്തുനിന്നാണെന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ