ഇമാമിനേയും സഹായിയേയും വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയിൽ
Tuesday, August 16, 2016 8:09 AM IST
ന്യൂയോർക്ക്: ക്യൂൻസിലെ മോസ്ക്കിൽനിന്ന് ഉച്ചയ്ക്കുശേഷം പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രധാന പുരോഹിതൻ മൗലാന അങ്കോൺജി (55) സഹായി താര ഉദ്ദിൻ (65) എന്നിവരെ പട്ടാപ്പകൽ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.

സംഭവത്തിന് ദൃക്സാക്ഷിയായ സൈക്കിൾ യാത്രക്കാരനാണ്് പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ പോലീസിനു കൈമാറിയത്. ന്യൂയോർക്ക് പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പിടി കൂടിയ പ്രതിയെന്നു സംശയിക്കുന്ന ആളിനെ പോലീസ് ചോദ്യംചെയ്തു വരുന്നു. പ്രതിയ തിരിച്ചറിഞ്ഞതായോ അറസ്റ്റ് ചെയ്തതായോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബംഗ്ലാദേശ് സ്വദേശികളായ ഇമാമിനേയും സഹായിയെയും കൊലപ്പെടുത്തിയതിൽ ശക്‌തമായ പ്രതിഷേധമാണ് ന്യൂയോർക്കിൽ പ്രകടമായത്. ഹിസ്പാനിക്ക് മുസ്ലിം വിഭാഗങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. ഈ പ്രദേശത്ത് ഒരാഴ്ച മുമ്പ് മുസ്ലിം– ഹിസ്പാനിക് സംഘർഷം നടന്നതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും പ്രതിയെ പിടി കൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ