സന്ദർലാൻഡിൽ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 17ന്; പ്രമോ റിലീസ് ചെയ്തു
Tuesday, August 16, 2016 3:13 AM IST
സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 17നു (ശനി) ഭക്‌തിനിർഭരമായ പരിപാടികളോടെ ആഘോഷിക്കുന്നു.

രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ അബർഡീൻ രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ. ജോസഫ് പിണക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. പൗരോഹിത്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഹെക്സം ആൻഡ് ന്യൂകാസിൽ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിനെ സന്ദർലാൻഡ് സീറോ മലബാർ സമൂഹം ആദരിക്കും. തിരുനാൾ കുർബാനയിൽ രൂപതയിലെ പത്തോളം വൈദികർ സഹാകാർമികരാകും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ‘പ്രമോ’ സീറോ മലബാർ ചാപ്ലെയിൻ ഫാ. സജി തോട്ടത്തിൽ റിലീസ് ചെയ്തു.

സെപ്റ്റംബർ എട്ടിനു (വ്യാഴം) വൈകുന്നേരം ഏഴിനു നടക്കുന്ന കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒൻപതു ദിവസം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യൂണിറ്റ് അംഗങ്ങൾ നേതൃത്വം നല്കും.

യുകെയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി പ്രത്യേക രൂപത രൂപീകരിച്ച പശ്ചാത്തലത്തിൽ നടക്കുന്ന തിരുനാളിനു ആവേശവോജ്‌ജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. തിരുനാളിനു ഒരുക്കമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ തുടങ്ങി.