നവയുഗം നോർക്ക ഹെൽപ്പ്ഡസ്ക് അൽകോബാറിൽ പ്രവർത്തനം ആരംഭിച്ചു
Tuesday, August 16, 2016 3:08 AM IST
അൽകോബാർ: നവയുഗം സാംസ്കാരിക വേദി നോർക്ക ഹെൽപ്പ്ഡസ്ക്, ദമാമിനു പുറമെ അൽകോബാറിലും പ്രവർത്തനം ആരംഭിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നു അൽകോബാർ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ വൈകുന്നേരം ആറിനു പ്രവർത്തനം ആരംഭിച്ചു.

നാലു വർഷങ്ങൾക്ക് മുൻപാണ്, സൗദി അറേബ്യയിലെ മലയാളികളായ പ്രവാസികൾക്ക്, നോർക്ക പ്രവാസി അംഗത്വകാർഡും കേരള പ്രവാസി ക്ഷേമനിധി അംഗത്വവും നേടി കൊടുക്കുന്നതിനായി നവയുഗം സാംസ്കാരികവേദി, നോർക്ക ഹെൽപ്പ്ഡെസ്ക് സേവനങ്ങൾ ആരംഭിച്ചത്. ദമാമിലെ ബദർ അൽറാബി ഡിസ്പെൻസറി ഹാളിൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം ആറു മുതലാണ് നവയുഗം നോർക്ക ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിച്ചു വരുന്നത്.

നോർക്ക പ്രവാസി അംഗത്വകാർഡിനും കേരള പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ഉള്ള അപേക്ഷകൾ സ്വീകരിക്കുക, അപേക്ഷകൾ നോർക്കയിൽ സമർപ്പിച്ച്, അവിടെ നിന്നും അംഗീകാരം ലഭിച്ച പുതിയ പ്രവാസി കാർഡുകൾ അപേക്ഷകർക്ക് വിതരണം ചെയ്യുക, നോർക്കയുടെ വിവിധ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്നീ സേവനങ്ങൾ, നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക്ക് കഴിഞ്ഞ നാലു വർഷമായി ദമാമിൽ മുടങ്ങാതെ നടത്തി വരുന്നു. ആയിരക്കണക്കിനു പ്രവാസികളാണ് നവയുഗത്തിന്റെ സഹായത്തോടെ നോർക്ക പ്രവാസി അംഗത്വ കാർഡും പ്രവാസി ക്ഷേമനിധി അംഗത്വവും നേടിയിട്ടുള്ളത്.

എല്ലാ പ്രവാസികളും ദമാമിലും അൽ കോബാറിലും ഉള്ള നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നു നവയുഗം സാംസ്കാരികവേദി നോർക്ക ഹെൽപ്പ് ഡെസ്ക്ക് കൺവീനർ ദാസൻ രാഘവൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 0580967098, 0536423762, 0506868204.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം