അബുദാബി കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും
Sunday, August 14, 2016 2:40 AM IST
അബുദാബി: അബുദാബി കെഎംസിസി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം വെള്ളിയാഴ്ച രാത്രി എട്ടു മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ നടക്കും. ആഘോഷ പരിപാടികൾ പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മതകാര്യ ഉപദേഷ്‌ട്ടാവ് ശൈഖ് അലി അൽ ഹാഷ്മി മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ് ദേശീയ ട്രഷററും, സംസ്‌ഥാന പ്രതിപക്ഷ ഉപ നേതാവുമായ പി.കെ.കുഞ്ഞാലി കുട്ടി, നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ടി.പി ശ്രീനിവാസൻ, മുൻ മന്ത്രി മഞ്ഞളാംകുഴി അലി, പാറക്കൽ അബ്ദുല്ല എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും. വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരും കെഎംസിസി കേന്ദ്ര നേതാക്കളും സംബന്ധിക്കും.

എഴുപതാമതു സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിത്യസ്ത മേഖലകളിൽ സേവനം ചെയ്ത അബുദാബിയിൽ 40 വർഷം പൂർത്തിയാക്കിയ എഴുപതു ഇന്ത്യക്കാരെ ചടങ്ങിൽ അബുദാബി കെഎംസിസി ഉപഹാരം നൽകി ആദരിക്കും. അബുദാബി കെഎംസിസി പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ട ചരിത്രവും, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുന്നതുമായ ലേഖനങ്ങൾ ഉൾകൊള്ളുന്ന സുവനീർ പ്രകാശനവും നടക്കും. ദേശ സ്നേഹം പ്രതിഫലിപ്പിക്കുന്ന കലാ പരിപാടികളും, ഗാനാലാപനവും, ചിത്രീകരണവും പരിപാടിയിൽ അരങ്ങേറും.

തലസ്‌ഥാന നഗരിയിലെ ഏറ്റവും ജനപാങ്കാളിത്തമുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷമായി അബുദാബി കെഎംസിസി പരിപാടി മാറും. ഇതിനായി തകൃതിയായ ഒരുക്കങ്ങൾ നടന്നു വരുന്നതായി പ്രസിഡന്റ് നസീർ ബി മാട്ടൂൽ, ആക്ടിംഗ് ജന.സെക്ര. അഷ്റഫ് പൊന്നാനി, ട്രഷറർ സി.സമീർ എന്നിവർ അറിയിച്ചു. ആഘോഷ പരിപാടി വീക്ഷിക്കാൻ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായും ഭാരവാഹികൾ അറിയിച്ചു.

<യ> റിപ്പോർട്ട്: അനിൽ സി. ഇടിക്കുള