മനുഷ്യൻ ഭൂമിയിൽ ജീവിക്കേണ്ടത് അതിഥിയെ പോലെ: ഫാ. സഖറിയ നൈനാൻ
Saturday, August 13, 2016 6:31 AM IST
ഡാളസ്: മരണത്തിനുശേഷം ആറടി മണ്ണിനും ജീവിച്ചിരിക്കുമ്പോൾ കാൽപാദങ്ങൾ ഊന്നി നില്ക്കുന്നതിനു രണ്ടടി മണ്ണിനു മാത്രം അവകാശമുളള മനുഷ്യൻ, പ്രത്യേകിച്ച് ക്രിസ്ത്യാനികളെന്നു സ്വയം അഭിമാനിക്കുന്നവർ ഭൂമിയിൽ ജീവിക്കേണ്ടത് അതിഥിയെപോലെ ആയിരിക്കണമെന്നു പ്രശസ്ത വേദപണ്ഡിതനും ധ്യാനഗുരുവുമായ ഫാ. സഖറിയ നൈനാൻ (സാക്കറച്ചൻ) ഉദ്ബോധിപ്പിച്ചു.

ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്സിലെ 23 ക്രൈസ്തവ സഭകൾ സംയുക്‌തമായി സംഘടിപ്പിച്ച കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ കൺവൻഷനിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു സാക്കറച്ചൻ.

ക്രൈസ്തവ ദൗത്യ നിർവഹണത്തിനായി ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട അതിഥികളാണെന്ന തിരിച്ചറിവ് മനുഷ്യനു നഷ്‌ടപ്പെട്ടിരിക്കുന്നു. അഹം ബോധത്തിന്റെ മൂർധന്യാവസ്‌ഥയിൽ അഹങ്കാരമെന്ന വിപത്തിലേക്ക് അറിയാതെ അധഃപതിക്കുന്ന ആധുനിക മനുഷ്യ വർഗത്തേയാണ് ഇന്ന് എവിടേയും ദർശിക്കുവാൻ കഴിയുന്നത്. അഹങ്കാരം, അസൂയ ഇവ രണ്ടും മനുഷ്യ മനസിനെ സ്‌ഥായിയായി മഥിക്കുന്ന വികാരങ്ങളാണ്. അസൂയ തേജോമയമായ മുഖത്തിന്റെ പ്രകാശം കെടുത്തി കളയുമ്പോൾ അഹങ്കാരം മനുഷ്യനെ അതിക്രമങ്ങളിലേക്കും അതുവഴി നരഹത്യയിലേക്കും ആനയിക്കുന്നു. അധമ മാർഗങ്ങളിലൂടെയല്ല, മറിച്ചു ഉത്തമ മാർഗങ്ങളിലൂടെ സഞ്ചരിച്ചു ലക്ഷ്യ പ്രാപ്തിയിൽ എത്തിച്ചേരുവാൻ മനുഷ്യൻ ശ്രമിക്കുമ്പോൾ അതിഥിയുടെ മാന്യതയാണ് അംഗീകരിക്കപ്പെടുന്നത്.

ഭക്‌തിയുടെ വേഷം ധരിച്ച് ഭോഗ പ്രിയരായി ഇരതേടുകയും ഇണ ചേരുകയും ചെയ്യുന്ന തലത്തിലേക്ക് അതിഥിയായി അന്തസോടെ ജീവിക്കേണ്ട മനുഷ്യൻ അധഃപതിച്ചിരിക്കുന്നു എന്നതു വേദനാജനകമാണ്. സകലവും ആർജ്‌ജിക്കണമെന്ന വ്യാമോഹം വർജനം എന്ന മഹത് സത്യത്തെ വിസ്മരിക്കുന്നതിനിടയാക്കുന്നു. ‘ഞാൻ എന്ന ഭാവം’ നിലനില്ക്കുന്നിടത്തോളം സ്വർഗ കവാടം മനുഷ്യനു മുമ്പിൽ അടഞ്ഞു തന്നെ കിടക്കും. ‘ഞാൻ’ എപ്പോൾ മരിക്കുന്നുവോ അന്നു മാത്രമായിരിക്കും മനുഷ്യന് ഒരുക്കിയിരിക്കുന്ന സൗഭാഗ്യങ്ങൾ അനുഭവിക്കുന്നതിന് അർഹത ലഭിക്കുകയെന്ന് സാക്കറച്ചൻ ഓർമിപ്പിച്ചു. എക്യുമെനിക്കൽ കൺവൻഷൻ സംഘടിപ്പിക്കുന്നതിലൂടെ സഭകൾ തമ്മിലുളള ഐക്യം ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം നിർമല വ്യക്‌തി ബന്ധങ്ങൾ പുനഃസ്‌ഥാപിക്കുന്നതിനും ഇടയാക്കണമെന്നും അച്ചൻ ഓർമപ്പെടുത്തി. ഭൂമിയിലെ അതിഥി ജീവിതം അവസാനിപ്പിച്ച് പ്രത്യാശയുടെ തുറമുഖത്ത് എത്തിച്ചേരുവാൻ സഭ സന്നദ്ധരായിരിക്കണമെന്ന ആഹ്വാനത്തോടെയാണ് അച്ചൻ പ്രസംഗം ഉപസംഹരിച്ചത്.

കൺവൻഷന്റെ വിജയകരമായി നടത്തിപ്പിനും കെഇസിഎഫ് കൺവൻഷനുവേണ്ടി ദേവാലയം വിട്ടുനൽകിയ സെന്റ് മേരീസ് മലങ്കര ഓർത്തോഡ്കസ് വലിയ പളളി വികാരി ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയ് കൊടുവത്ത്, ഷാജി ജോൺ, ജിജി മാത്യു, ജോബി വർഗീസ് എന്നിവർക്ക് സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ

<ശാഴ െൃര=/ിൃശ/2016മൗഴൗെേ13മെസലൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>