വിമുക്‌തഭടരെ ആദരിച്ച് യുവജനസഖ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ശ്രദ്ധേയമായി
Saturday, August 13, 2016 3:36 AM IST
അബുദാബി : ഭാരതത്തിന്റെ എഴുപതാമതു സ്വാതന്ത്ര്യദിനം അബുദാബി മാർത്തോമ്മാ യുവജനസഖ്യം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണു പരിപാടികൾ ആരംഭിച്ചത്. വെള്ളരിപ്രാവുകളെ പറത്തിവിട്ടാണ് ഘോഷയാത്രക്ക് തുടക്കം കുറിച്ചത്. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. പ്രകാശ് എബ്രഹാം ത്രിവർണ കേക്ക് മുറിച്ച് പരിപാടികൾ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള ,അബുദാബി മലയാളീ സമാജം ജനറൽ സെക്രട്ടറി സതീഷ്കുമാർ, സഹ വികാരി റവ.ഐസക് മാത്യു, സെക്രട്ടറി ബിജോയ് സാം, കൺവീനർ ഷെറിൻ ജോർജ് തെക്കേമല, ഷിജിൻ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

പ്രവാസികളായ വിമുക്‌തഭടന്മാരെ ആദരിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ സൈന്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ച ഏഴു പേരെയാണ് പൊന്നാട അണിയിച്ചും, ഫലകം സമ്മാനിച്ചും ആദരിച്ചത്. ഭാരതത്തിന്റെ സാംസ്ക്കാരിക വൈവിധ്യം വരകളിലൂടെ അവതരിപ്പിച്ച ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരനായകൻ ഭഗത്സിങിന്റെ ജീവിതവും ,കൽതുറുങ്കലിലെ തൂക്കിക്കൊലയും ഉൾപ്പടെയുള്ള ആവേശോജ്‌ജ്വലമായ മുഹൂർത്തങ്ങൾ കോർത്തിണക്കി സഖ്യം പ്രവർത്തകർ തയാറാക്കിയ ‘വീർഷഹിദ്’ എന്ന സംഗീത നാടകം സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരാർപ്പണമായി .സൺഡേ സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്‌തി ഗാനങ്ങളും, നൃത്ത പരിപാടികളും അവതരിപ്പിച്ചു.

<യ> റിപ്പോർട്ട്: അനിൽ സി. ഇടിക്കുള