ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ പത്തിന്
Saturday, August 13, 2016 3:34 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ നേതൃത്വം നൽകുന്ന ഈവർഷത്തെ ഓണാഘോഷം (സിഎംഎ ഓണം– 2016) സെപ്റ്റംബർ പത്തിന് ശനിയാഴ്ച നാലു മുതൽ പത്തുവരെ താഫ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്.

അമേരിക്കയിൽ നടക്കുന്ന ഓണാഘോഷങ്ങളിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ഓണം എന്ന പ്രത്യേകത എല്ലാവർഷവും സിഎംഎ ഓണം നിലനിർത്തിപോരുന്നു.

മലയാളിയുടെ ഗൃഹാതുരസ്മരണകളെ തൊട്ടുണർത്തുന്ന രീതിയിൽ കൂടുതൽ വിപുലമായ രീതിയിലാണ് ഈവർഷം ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണം നടത്തുവാൻ പോകുന്നതെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, ഓണാഘോഷ കമ്മിറ്റി കൺവീനർ സ്റ്റാൻലി കളരിക്കമുറിയും പറഞ്ഞു.

താലപ്പൊലിയേന്തിയ യുവതികളും ചെണ്ടമേളത്തോടെയും തപ്പുകൊട്ടിയും പുലികളിയും മറ്റു ഓണക്കളികളുമൊത്ത് മാവേലി മന്നനെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും തുടർന്ന് വളരെ വ്യത്യസ്തമായ കലാസന്ധ്യയും എന്നും സിഎംഎ ഓണത്തിന്റെ പ്രത്യേകതകളാണ്.

ഈവർഷവും വൈകുന്നേരം നാലു മുതൽ ആറുവരെ ആയിരിക്കും ഓണസദ്യ എന്നതിനാൽ എല്ലാവരും സമയത്തുതന്നെ താഫ്റ്റ് ഹൈസ്കൂളിൽ എത്തിച്ചേരണമെന്നു ഭാരവാഹികൾ അറിയിക്കുന്നു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം