കുടിയേറ്റക്കാർ ജർമനിയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നു
Friday, August 12, 2016 8:16 AM IST
ബർലിൻ: കുടിയേറ്റക്കാരും അവരുടെ അടുത്ത തലമുറയും ജർമനിയിൽ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുന്നുവെന്നു പഠന റിപ്പോർട്ട്.

പതിമൂന്നു ലക്ഷം തൊഴിലവസരങ്ങളാണ് ആദ്യ തലമുറയിലെയും രണ്ടാം തലമുറയിലെയും കുടിയേറ്റക്കാർ വഴി ഇപ്പോൾ സൃഷ്‌ടിക്കപ്പെടുന്നുവെന്നാണ് കണക്കുകളിൽ വ്യക്‌തമാകുന്നത്.

പത്തു വർഷം മുൻപ് 947,000 തൊഴിലവസരങ്ങൾ മാത്രമാണ് ഇവരിലൂടെ സൃഷ്‌ടിക്കപ്പെട്ടിരുന്നത്. ഈ സമയത്തിനുള്ളിൽ രാജ്യത്തെ വിദേശ വ്യവസായ സംരംഭകരുടെ എണ്ണം 25 ശതമാനം വർധിച്ച് 709,000ൽ എത്തിയിട്ടുമുണ്ട്. എന്നാൽ, ഈ കാലഘട്ടത്തിൽ ജർമനിയിൽ ആകെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വന്ന വർധന ഒമ്പതു ശതമാനം മാത്രമായിരുന്നു.

ബവേറിയ, ബേഡൻ വുർട്ടംബർഗ്, ഹെസെ, ബർലിൻ എന്നിവിടങ്ങളിലാണ് കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നത്. ലോവർ സാക്സണി, ഹംബർഗ്, റൈൻലാൻഡ് പലാറ്റിനേറ്റ് എന്നിവിടങ്ങളിൽ താരതമ്യേന കുറവാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ