മുന്നൂറോളം പേർക്ക് പൗരത്വം നൽകി കുവൈത്ത് അമീർ
Friday, August 12, 2016 7:09 AM IST
കുവൈത്ത്: മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മാതൃകയായി കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബ മുന്നൂറോളം പേർക്ക് പൗരത്വം അനുവദിച്ചു.

180 ഓളം വരുന്ന വിധവകളും 120 ഓളം കുട്ടികളുമാണ് പുതിയ തീരുമാനത്തിന്റെ ഗുണഭോക്‌താക്കൾ. മന്ത്രിസഭയുടെ അംഗീകാരത്തോടെ അടുത്ത ആഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു മന്ത്രി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. മന്ത്രാലയത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും പൗരത്വത്തിനായി അപേക്ഷിച്ചവർ സുരക്ഷാ നടപടികളുടെ ഭാഗമായി എതെങ്കിലും തരത്തിലുളള ക്രമിനിൽ കേസുകളിൽ ഉൾപ്പെട്ടാൽ അപേക്ഷകൾ തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒരു ലക്ഷത്തിലേറെ ബിദുനികൾ കുവൈത്ത് സർക്കാരിന്റെ മുന്നിൽ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചു കഴിയുകയാണ്. ഇതിൽ ഭൂരിഭാഗം പേർക്കും നിയപരമായി പൗരത്വം ലഭിക്കുവാൻ അർഹതയില്ലെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. വർഷങ്ങളായി നിലനിൽക്കുന്ന തർക്കത്തിനിടെയാണ് വിധവകളും കുട്ടികളുമടങ്ങുന്നവർക്ക് അമീർ പൗരത്വം അനുവദിച്ചിരിക്കുന്നത്. പുതിയ നീക്കം ബിദുനികൾ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ