യൂറോപ്പിൽ കാർ യാത്രയിൽ ഓരോ രണ്ടാമത്തെ കുട്ടിയും അപകടത്തിൽ പെടുന്നു
Friday, August 12, 2016 7:06 AM IST
സൂറിച്ച്: കാർ യാത്രയിൽ യൂറോപ്പിൽ പകുതി കുട്ടികളും സുരക്ഷിതരല്ല. കാർ യാത്രകളിൽ പകുതിയിലേറെ രക്ഷകർത്താക്കളും കുട്ടികളെ തെറ്റായി സീറ്റു ബെൽറ്റ് ധരിപ്പിക്കുന്നതുമൂലമാണിതെന്നു റോഡു സുരക്ഷിതത്വത്തെപ്പറ്റി ഫ്രാൻസിൽ നടത്തിയ പഠനത്തിൽ വ്യക്‌തമാക്കുന്നു.

അറുപത്താറു ശതമാനം കുട്ടികളും കാറുകളുടെ പിൻസീറ്റിൽ ശരിയായ രീതിയിൽ സീറ്റു ബെൽറ്റ് ധരിക്കാതെയാണു യാത്ര ചെയ്യുന്നത്. കുട്ടികളെ ശരിയാംവണ്ണം ബെൽറ്റ് ധരിപ്പിക്കാതിരിക്കുന്നത് സുരക്ഷിതമല്ല. കുട്ടികളുടെ സുഖസൗകര്യം കരുതി മാത്രം ബെൽറ്റിടുമ്പോൾ പല രക്ഷകർത്താക്കളും ബോധപൂർവമല്ലാതെ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം മറന്നു പോകുന്നു.

ഉദാഹരണമായി തണുപ്പു കാലത്ത് കുട്ടികൾ ജാക്കറ്റ് ധരിക്കുന്നതിനാൽ സീറ്റു ബെൽറ്റിന്റെ നീളം കൂട്ടിവയ്ക്കുന്ന രക്ഷകർത്താക്കൾ, ചൂടുകാലമായാലും കുട്ടികൾ ജാക്കറ്റ് ധരിക്കാത്തപ്പോഴും സീറ്റ് ബെൽറ്റിന്റെ നീളം കുറയ്ക്കാൻ മറന്നു പോകുന്നു. ഇതു അപകടം വിളിച്ചു വരുത്തും. കൂടാതെ മുൻ സീറ്റിൽ കുട്ടികളെ വച്ച് യാത്ര ചെയ്യുന്നതും സുരക്ഷിതമല്ല. അപകടമുണ്ടായാൽ എയർ ബാഗ് വിടരുന്നതുമൂലം കുട്ടികൾ ശ്വാസം മുട്ടി മരിക്കാൻ ഇടയാക്കും. കുട്ടികൾ മുൻസീറ്റിൽ യാത്ര ചെയ്യുമ്പോൾ, സഹയാത്രികന്റെ വശത്തെ എയർ ബാഗ് നിഷ്ക്രിയമാക്കാത്ത (റലമരശ്മേലേ) പക്ഷം പോലീസിനു പിഴ ഈടാക്കാവുന്നതാണ്.

ടൂറിസം ക്ലബ്ബ് സ്വിസ് നടത്തിയ ഒരു പഠനത്തിൽ 14 കുട്ടികളും ശരിയായി സീറ്റു ബെൽറ്റ് ധരിക്കാത്ത നിലയിലായിരുന്നു. കാറിനുള്ളിൽ ഇങ്ങനെ ശരിയായി ബെൽറ്റ് ധരിക്കാതെ കുട്ടികളെ ഇരുത്തിയാൽ ഒരു കൂട്ടിയിടിയിൽ കുറഞ്ഞത് 50 കിലോ വേഗതയിൽ കുട്ടികൾ തെറിക്കുമെന്നാണ് അവർ പറയുന്നത്. തന്നെയുമല്ല പകുതി കുട്ടികളും തെറ്റായിട്ടാണ് ചൈൽഡ് സീറ്റുകളിൽ ഇരിക്കുന്നത് കണ്ടെത്തിയതും.

ഫ്രാൻസിൽ ആഴ്ചയിൽ കുറഞ്ഞത് 340 കുട്ടികൾക്ക് കാറപകടങ്ങളിൽ പരിക്കേൽക്കുന്നു. ശരിയായി സീറ്റു ബെൽറ്റ് ഉപയോഗിച്ചാൽ അപകട നിരക്ക് സാരമായി കുറയ്ക്കാം. സ്വിറ്റ്സർലൻഡിലും ഇതേ അവസ്‌ഥയാണെങ്കിലും അപകടനിരക്കിൽ കുറവ് ഉണ്ടെന്ന പ്രത്യേകത മാത്രമേയുള്ളൂ.

കാർ യാത്രയിൽ സുരക്ഷിതത്വം പ്രാവർത്തികമാകുന്നത് നിയമങ്ങൾ അനുസരിക്കുമ്പോൾ മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ കുട്ടികളുടെ വയസും വലിപ്പവും അനുസരിച്ചുള്ള സീറ്റുകൾ തെരഞ്ഞെടുക്കുക എന്നതും ശരിയായി സീറ്റു ബെൽറ്റ് ഇട്ടു എന്നു ഉറപ്പുവരുത്തുന്നതുമാണ്. അല്ലെങ്കിൽ നഷ്ടമാകുന്നത് നമ്മുടെ പുഞ്ചിരി തൂകുന്ന മുഖങ്ങളാണ്.

സ്വിറ്റ്സർലൻഡിൽ 12 വയസുവരെ പ്രായമുള്ളതോ 150 സെന്റീമീറ്ററിനു താഴെ പൊക്കമുള്ളതുമായ കുട്ടികൾക്ക് നിർബന്ധമായും ചൈൽഡ് സീറ്റ് കാർ യാത്രയിൽ കരുതിയിരിക്കണം.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ