സംയുക്‌ത ഒവിബിഎസ് ലൂർദ്മാതാ കാത്തലിക് ചർച്ച് സ്കൂളിൽ സംഘടിപ്പിച്ചു
Friday, August 12, 2016 7:03 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് മേഖലകളിലെ പത്തു പള്ളികളുടെ നേതൃത്വത്തിൽ സംയുക്‌ത ഒവിബിഎസ് ലൂർദ്മാതാ റോമൻ കാത്തലിക് ചർച്ച് സ്കൂളിൽ ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളിൽ നടന്നു. (സങ്കീർത്തനം 43:4) കർത്താവാണ് എന്റെ ഏറ്റവും വലിയ സന്തോഷം എന്ന വചനത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ ക്രമീകരിച്ചത്. പ്രദേശത്തെ പള്ളികളിൽനിന്നായി 260 കുട്ടികളും 85 വോളന്റിയർമാരും ഒവിബിഎസിൽ പങ്കെടുത്തു. ഫാ. അജു മാത്യൂസ്, ഫാ.ജോയിസ് പാപ്പൻ, ഡീക്കൻ കുരിയാക്കോസ് (അലക്സ്) ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.

ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ചർച്ച് വികാരി റവ. ഡോ. പി.എസ്. സാമുവൽ കോർ എപ്പിസ്കോപ്പാ കൊടി ഉയർത്തിയതോടുകൂടി ഒവിബിഎസ് ആരംഭിച്ചു. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പാ ഉദ്ഘാടനപ്രസംഗം നടത്തി. ഫാ. പാട്രിക് എച്ച് ലോംഗലോംഗ് (ലൂർദ് മാതാ ചർച്ച് അഡ്മിനിസ്ട്രേറ്റർ), ഫാ. ഗ്രിഗറി വർഗീസ് (സൺഡേ സ്കൂൾ ഡയറക്ടർ) എന്നിവർ പ്രസംഗിച്ചു. തീം ആധാരമാക്കിയുള്ള ടീ ഷേർട്ടുകൾ, പാട്ട് പുസ്തകങ്ങൾ, പാഠ്യ സാമഗ്രികൾ തുടങ്ങിയവ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.

രാജി കുര്യന്റെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ പള്ളികളിൽനിന്നുള്ള അംഗങ്ങളുൾപ്പെട്ട സംഗീതഗ്രൂപ്പ് ഗാനങ്ങൾ പഠിപ്പിച്ചു. സംഗീത പഠനവും ആർട്സ് ആൻഡ് ക്രാഫറ്റ്, മാജിക് ഷോ, ഹാൻഡ് പെയിന്റിംഗ്, ബലൂൺ ട്വിസ്റ്റിംഗ് തുടങ്ങിയവയെല്ലാം കുട്ടികൾ ആസ്വദിച്ചു. സമാപനദിനത്തിൽ ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോൺ തോമസ് അർപ്പിച്ച കുർബാനയെ തുടർന്നു കുട്ടികൾ വൈദികരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. മൂന്നു ദിവസത്തെ ഒവിബിഎസ് ക്ലാസുകളിൽ നിന്നു പഠിച്ചതൊക്കെയും സംക്ഷിപ്തമായി സ്കിറ്റുകളുടെയും ഗാനങ്ങളുടെയും രൂപത്തിൽ 15 ക്ലാസുകളിലെയും കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഫണ്ട് റെയ്സിംഗ് കോഓർഡിനേറ്റർ തോമസ് വർഗീസിന്റെ നേതൃത്വത്തിൽ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പു നടന്നു. വിജയികൾക്ക് റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ സമ്മാനദാനം നടത്തി.

കേരളത്തിലെ ഓർഫനേജുകളിലെ കുട്ടികളെ സഹായിക്കുന്നതിനായി ‘ചിൽഡ്രൻ ഫോർ ചിൽഡ്രൻ’ ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായി വിവിധ സൺഡേ സ്കൂളുകളിൽ നിന്നും പണം സമാഹരിച്ചിരുന്നു.

ഫാ. റോബർട്ട് അമ്പലത്തിങ്കൽ (ലൂർദ് മാതാ ചർച്ച്) ഒവിബിഎസ് വിദ്യാർഥികളെ സന്ദർശിച്ച് പ്രാർഥിച്ചത് കുട്ടികൾക്കു പ്രചോദനമായി. സൺഡേ സ്കൂൾ പ്രിൻസിപ്പൽമാരും അധ്യാപകരും യൂത്ത് വോളന്റിയർമാരും ഏരിയ കോഓർഡിനേറ്റർ ഡോ. മിനി ജോർജിന്റെ നേതൃത്വത്തിൽ ഒവിബിഎസിന്റെ വിജയത്തിനായി കഠിന പ്രയത്നം നടത്തി. വെക്കേഷൻ ബൈബിൾ സ്കൂളുമായി ബന്ധപ്പെട്ടു പ്രദേശത്തെ വിവിധ പള്ളികളിൽ തമ്മിലുള്ള സൗഹൃദവും സഹകരണവും പൊതുവേ പ്രശംസിക്കപ്പെട്ടു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ