ഫാ. അലക്സാണ്ടർ വയലുങ്കൽ അന്തരിച്ചു
Thursday, August 11, 2016 3:39 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മുതിർന്ന വൈദികൻ ഫാ. അലക്സാണ്ടർ വയലുങ്കൽ (103) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച 12.45നു ചെങ്ങളത്തെ വസതിയിൽ ആരംഭിക്കും. രണ്ടിന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധകുർബാനയ്ക്കുശേഷം മൃതദേഹം സംസ്കരിക്കും. സംസ്കാര ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവരും സമാപന ശുശ്രൂഷകൾക്കു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാർമികത്വം വഹിക്കും.

ചെങ്ങളം വയലുങ്കൽ പരേതരായ ഔസേപ്പ്–അന്ന ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം എട്ടു വർഷം പോസ്റ്റ്മാസ്റ്ററായി ജോലി ചെയ്തു. പിന്നീട് പാറേൽ സെന്റ് തോമസ് സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1953 ഡിസംബർ എട്ടിന് കർദിനാൾ ടിസറാങിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ഉപ്പുതറ, ചിന്നാർ, മേരികുളം, ചെമ്മണ്ണ്, പുളിങ്കട്ട എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും കട്ടപ്പന, വലിയതോവാള, നെയ്യാട്ടുശേരി, കിളിരൂർ, മേലോരം, അഴങ്ങാട്, മുട്ടാർ, ചമ്പക്കര, വെളിച്ചിയാനി, കാരികുളം, പെരുവന്താനം, വഞ്ചിമല, ഇളങ്ങോയി എന്നീ പള്ളികളിൽ വികാരിയായും സേവനം ചെയ്തു. കോഴഞ്ചേരി, വകയാർ എന്നിവിടങ്ങളിൽ മിഷൻ കേന്ദ്രങ്ങൾ സ്‌ഥാപിച്ചു. 2000 മുതൽ ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സഹോദരങ്ങൾ: പി.ജെ. ആന്റണി (ചെങ്ങളം), പരേതരായ മത്തായി, ചാക്കോ, കുഞ്ഞൂഞ്ഞ്, ഏലി നിരപ്പേൽ, മറിയം കാരാടിയിൽ (ഇളങ്ങുളം), തൊമ്മൻ (ചെങ്ങളം), ഫാ. മാത്യു വയലുങ്കൽ സീനിയർ (ചങ്ങനാശേരി അതിരൂപത), ഫീലിപ്പോസ്, ജോസഫ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ വികാരി ജനറാൾ ഫാ. മാത്യു വയലുങ്കൽ പിതൃസഹോദര പുത്രനാണ്.