കോടതിയിൽ പർദ വേണ്ട: ജർമൻ ജഡ്ജിമാരുടെ സംഘടന
Tuesday, August 9, 2016 8:22 AM IST
ബർലിൻ: കോടതികളിൽ പർദ നിരോധിക്കണമെന്നു ജർമൻ ജഡ്ജിമാരുടെ സംഘടന ആവശ്യപ്പെട്ടു. ജഡ്ജിമാർക്കും ട്രെയ്നി അഭിഭാഷകർക്കും കൂടി ബാധകമാകുന്ന തരത്തിൽ നിരോധനം വേണമെന്നാണ് ആവശ്യം.

കോടതിയിൽ നിഷ്പക്ഷത ഉറപ്പാക്കാൻ ഈ നടപടി ആവശ്യമാണെന്നാണു സംഘടനയുടെ വാദം. നിലവിൽ, മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിനു ജർമൻ ഭരണഘടന പൗരൻമാരെ വിലക്കുന്നില്ല. ബർലിനിൽ മാത്രമാണു നഗര ഭരണകൂടത്തിന്റെ നിർദേശാനുസരണം ഇത്തരം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ജഡ്ജിമാരും ജൂണിയർ അഭിഭാഷകരും കോടതിയിലുള്ളപ്പോൾ പർദ പോലുള്ള മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുതെന്നാണു വിവിധ സ്റ്റേറ്റുകളിലെ നിയമകാര്യ മന്ത്രിമാരും ആവശ്യപ്പെടുന്നത്.

ബവേറിയയിൽ പർദയണിഞ്ഞ് കോടതിയിൽ പോകുന്നത് നഗര അധികൃതർ വിലക്കിയതിനെത്തുടർന്നു ഒരു ജൂണിയർ അഭിഭാഷക നടത്തിയ നിയമയുദ്ധമാണ് ഈ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കിയത്. കേസിൽ അഭിഭാഷക വിജയിക്കുകയും ചെയ്തിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ