ദുരിതങ്ങൾക്ക് അറുതിവരുത്തി ആശുപത്രിവാസം അവസാനിപ്പിച്ച് കവിത നാട്ടിലേയ്ക്ക് മടങ്ങി
Tuesday, August 9, 2016 8:22 AM IST
ദമാം: ജോലിസ്‌ഥലത്തെ പീഡനങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റു രണ്ടു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ മര്യാനന്തപുരം സ്വദേശിനിയും മുംബൈയിൽ താമസക്കാരിയുമായ റൗത് റേ കവിത പ്രശാന്ത് ആറു മാസങ്ങൾക്കു മുൻപാണ് ദമാമിലെ സൗദി പൗരന്റെ വീട്ടിൽ ജോലിക്കാരിയായി എത്തിയത്. നല്ല ശമ്പളവും മികച്ച ജോലിസാഹചര്യങ്ങളും വാഗ്ദാനം ചെയ്ത ഒരു ഏജന്റിന്റെ വാക്കുകളിൽ വിശ്വസിച്ചാണ് കവിത വീട്ടുജോലിക്കാരിയായി എത്തിയത്.

എന്നാൽ സ്പോൺസറുടെ വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ആ വലിയ വീട്ടിൽ രാവും പകലും വിശ്രമമില്ലാതെ അതികഠിനമായി പണിയെടുപ്പിച്ചതിനു പുറമെ, ശകാരവും മാനസികപീഡനവും കവിതക്ക് നേരിടേണ്ടി വന്നു. ആരോടെങ്കിലും പരാതി പറയാൻ പോലും പറ്റാത്ത വിധത്തിൽ, വീടിന് പുറത്തിറങ്ങാനോ, ഫോൺ ഉപയോഗിക്കാനോ ആ വീട്ടുകാർ കവിതയെ അനുവദിച്ചില്ല.

ഒടുവിൽ എങ്ങനെയും അവിടെനിന്ന് രക്ഷപ്പെടാനായി, കവിത ടെറസിൽ കയറി മതിൽ വഴി പുറത്തേക്കു കടക്കാൻ ശ്രമിച്ചു. എന്നാൽ കാൽ വഴുതി ടെറസിൽ നിന്നും താഴെ വീണ കവിതയ്ക്ക് ഗുരുതരമായി പരിക്കുപറ്റി. വീഴ്ചയിൽ ഒരു കാൽ ഒടിയുകയും നടുവിനു പൊട്ടൽ ഉണ്ടാകുകയും ചെയ്തതോടെ സ്പോൺസർ അവരെ ദമാം സെൻട്രൽ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു.

സെൻട്രൽ ആശുപത്രിയിലെ മലയാളി ജീവനക്കാർ, നവയുഗം സാംസ്കാരികവേദി നിയമസഹായവേദി കൺവീനറായ ഷാൻ പേഴുംമൂടിനെ ഫോണിൽ ബന്ധപ്പെട്ട്, കവിതയുടെ അവസ്‌ഥ അറിയിച്ചു. തുടർന്നു ഷാനിന്റെ നിർദ്ദേശത്തെത്തുടർന്നു നവയുഗം ജീവകാരുണ്യപ്രവർത്തകയും ഇന്ത്യൻ എംബസി വോളന്റീറുമായ മഞ്ജു മണിക്കുട്ടനെ കവിതയുടെ കേസിൽ ഇടപെടാൻ അനുമതിപത്രം നൽകി.

മഞ്ജു നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്കൊപ്പം കവിതയുടെ സ്പോൺസറുമായും കവിതയെ ജോലിക്കയച്ച ഏജന്റുമായും ചർച്ചകൾ നടത്തിയതിനെത്തുടർന്നാണ് പ്രശ്നപരിഹാരത്തിനു സാധ്യത കണ്ടത്. ഒടുവിൽ സ്പോൺസർക്ക് നഷ്‌ടപരിഹാരം നൽകാമെന്നും കവിതക്ക് തിരികെയുള്ള വിമാനടിക്കറ്റ് നൽകാമെന്നും ഏജന്റ് സമ്മതിച്ചു.

രണ്ടു മാസത്തെ ആശുപത്രി ചികിത്സയിൽ കവിതയ്ക്കു നടക്കാനുള്ള ശേഷി തിരികെ കിട്ടി. തുടർന്നു നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് കവിത മുംബൈയിലേക്കു മടങ്ങി.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം