തൊഴിലുടമയുടെ ക്രൂരതകൾക്കൊടുവിൽ ഒഐസിസി സഹായത്തോടെ സുമേഷ് നാട്ടിലേക്കു മടങ്ങി
Tuesday, August 9, 2016 8:21 AM IST
ദമാം: ഏറെ പ്രതീക്ഷകളുമായി സൗദിയിൽ വിമാനമിറങ്ങിയ പത്തനംതിട്ട പറന്തൽ രണ്ടാലുംമുട്ടിൽ വിജയന്റെ മകൻ സുമേഷ് എന്ന ഇരുപത്തിരണ്ടുകാരൻ ഒരു വർഷം മുൻപാണ് സൗദിയിലെത്തിയത്.

അച്ഛന്റെ സ്നേഹിതൻ ദീപുവാണ് സൗദിയിലേക്കുള്ള വീസ തരപ്പെടുത്തി കൊടുത്തത്. ദമാമിലെ അസീസിയ എന്ന സ്‌ഥലത്ത് ഹൗസ് ഡ്രൈവറായാണ് സുമേഷ് ജോലിക്ക് വന്നത്. നാട്ടിൽ നിന്നുമെത്തി ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും സുമേഷിന് ഇക്കാമയൊ ഡ്രൈവിംഗ് ലൈസൻസോ എടുത്തു കൊടുത്തിരുന്നില്ല. സൗദിയിലെത്തിയാൽ നടത്തേണ്ട മെഡിക്കൽ ചെക്കപ്പു പോലും സുമേഷിനു നടത്തിയിരുന്നില്ല. ഈ സ്പോൺസറുടെ വീസയിലുള്ള മറ്റു നാല് വടക്കേന്ത്യൻ സ്വദേശികളുമൊത്ത് സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ മുറിയിലായിരുന്നു താമസം. അവർക്കും ഇക്കാമയില്ല. ലൈസൻസില്ലാതെ ഡ്രൈവിംഗ് ചെയ്യാൻ വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഇതിനിടെ സുമേഷ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി അപകടത്തിൽ പെട്ടു. ആയിരം റിയാൽ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനുവേണ്ടി ചെലവായതിനെതുടർന്നു സുമേഷിനെ സ്പോൺസറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഒരു വെള്ള പേപ്പർ സുമേഷിനെ കാണിച്ച് തോക്കു ചുണ്ടിക്കൊണ്ട് ‘നീ ഓടിച്ച വാഹനം അപകടത്തിലായി. അതിനാൽ 15,000 റിയാൽ ഉടൻതന്നെ അയച്ചുതരാൻ നിന്റെ വീട്ടുകാരോട് പറയണമെന്നും ഇല്ലങ്കിൽ നിന്നെ കൊന്നുകളയുമെന്നും’ ഭീഷണിപ്പെടുത്തിയപ്പോൾ പേടിച്ചുവിറച്ച സുമേഷ് ആ വെള്ളപേപ്പറിൽ ഒപ്പിട്ടു നൽകി. നാട്ടിൽ ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കൾ ഈ വിവരം അറിഞ്ഞാൽ സമനില തെറ്റുമെന്നു കരുതി വാവിട്ടു കരയാനേ ഹതഭാഗ്യനായ ഈ യുവാവിനു കഴിഞ്ഞുള്ളൂ.

ആദ്യത്തെ ഒന്നു രണ്ടു മാസം അത്യാവശ്യ ചെലവിനുള്ള തുക സ്പോൺസർ കൊടുത്തിരുന്നു. ക്രമേണ അതും ലഭിക്കാതെയായി. എട്ടു മാസത്തോളം സുമേഷ് ഭക്ഷണം കഴിച്ചിരുന്നത് താമസിക്കുന്നതിന് തൊട്ടടുത്തുള്ള കബ്സക്കടയിൽ പണിയെടുത്തായിരുന്നു. ചെറിയതോതിൽ അറബി ഭാഷ സംസാരിക്കാൻ പഠിച്ചു കഴിഞ്ഞപ്പോൾ ഒരു ദിവസം സുമേഷ് ശമ്പളം ആവശ്യപ്പെട്ടു. അന്ന് പൊതിരെ തല്ലു കിട്ടി. പിന്നീട് കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും ശമ്പളം അവശ്യപ്പെട്ടപ്പോൾ സ്പോൺസർ തോക്ക് ചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മാസങ്ങൾക്കു ശേഷം വീണ്ടും ശമ്പളം ആവശ്യപ്പെട്ടപ്പോൾ ക്ഷുഭിതനായ സ്പോൺസർ സുമേഷിനേ ചവിട്ടി നിലത്തു വീഴ്ത്തി വയറിനും നെഞ്ചിനും ചവിട്ടി. ദേഷ്യം തീരുന്നതുവരേ സുമേഷിനെ അയാൾ മർദ്ദിച്ചു. വായിലൂടെയും മൂക്കിലൂടെയും രക്‌തം വാർന്ന സുമേഷ് അയാൾ പുറത്തേയ്ക്കു പോയ തക്കത്തിൽ മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ഒരു മലയാളിയെ കണാനിടയായി. ആ മനുഷ്യൻ രക്‌തം വാർന്നു നിൽക്കുന്ന സുമേഷിന് പ്രാഥമിക പരിചരണം നൽകുന്നതിനിടയിൽ സുമേഷിന്റെ ഒരു ചിത്രം മൊബൈലിൽ പകർത്തി അത്, വാട്സാപ്പ് വഴി സുമേഷിന്റെ വീട്ടുകാർക്കയച്ചു കൊടുത്തു.

മകൻറെ ഫോട്ടോ കണ്ട മാതാപിതാക്കൾ എന്തു ചെയ്യണമെന്നറിയാതെ മകനെ രക്ഷപ്പെടുത്താൻ പലരുടെയും സഹായം അഭ്യർഥിച്ചു. അവസാനം ജിദ്ദയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ സാംസ്കാരിക വിഭാഗം സെക്രട്ടറിയും സുമേഷിന്റെ ഒരു അകന്ന ബന്ധുവുമായ പ്രണവ് ഉണ്ണികൃഷ്ണനെ വിവരം അറിയിച്ചു. ഒടുവിൽ ദമാം ഒഐസിസി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി തോമസ് തൈപ്പറമ്പിലിന്റെ നീണ്ട രണ്ടരമാസത്തെ പരിശ്രമത്തിനുശേഷമാണ് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ് ചാലിലിന്റെയും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി പി.എ. നൈസാമിന്റേയും സഹായത്തോടെ ലേബർ കോർട്ടുവഴി യാത്രാരേഖകൾ ശരിയാക്കി ലഭിച്ചത്. ഒൻപത് മാസത്തെ ശമ്പള കുടിശികയും എക്സിറ്റും നൽകുവാൻ കോടതി വിധിച്ചു.

കേസ് നടത്തിയ ഈ രണ്ടരമാസക്കാലം കോബാറിലുള്ള ജയാദേവി എന്ന സാമൂഹ്യ പ്രവർത്തകയാണ് സുമേഷിനു താമസ സൗകര്യം ഒരുക്കി കൊടുത്തത്.

ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോൺ കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി സുമേഷിനു നാട്ടിലേക്കുള്ള ടിക്കറ്റ് നൽകി. സുമേഷിന്റെ വിഷയത്തിൽ മാസങ്ങളോളം സജീവമായി ഇടപെട്ട ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി തോമസ് തൈപ്പറമ്പിലിനെ യോഗം അഭിനന്ദിച്ചു. ജോൺ കോശി, ഹനീഫ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ജോയിക്കുട്ടി വള്ളിക്കോട്, ഷാജി ആറന്മുള, മിനി ജോയ്, സതീഷ് മോഹൻ, രാജു വർഗീസ്, ഷാജഹാൻ റാവുത്തർ, സിനു സൈമൺ, ഷിബി ഏബ്രഹാം എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം