സൗദിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സൽമാൻ രാജാവിന്റെ നിർദേശം
Monday, August 8, 2016 7:00 AM IST
ദമാം: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശം നൽകി.

സർക്കാരുമായി കരാറിൽ ഏർപ്പെട്ട കമ്പനികളിലെ തൊഴിലാളികൾക്കു മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ ധന മന്ത്രാലയവുമായി സഹകരിച്ചു ആവശ്യമായ നടപടി സ്വീകരിക്കാൻ തൊഴിൽ സാമുഹ്യക്ഷേമ മന്ത്രാലയത്തിനു രാജാവ് നിർദേശം നൽകി.

കരാർ കമ്പനികൾ തൊഴിലാളികൾക്കു മുടങ്ങിയ ശമ്പളം നൽകിയെന്നു ഉറപ്പു വരുത്താതെ കമ്പനികൾക്കു അവകാശപ്പെട്ട കരാർ തുക തടഞ്ഞു വയ്ക്കാനും ധനമന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ പാർപ്പിടങ്ങളിലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉടൻ പരിഹരിക്കണം. പാർപ്പിടങ്ങളിൽ വൈദ്യുതി, ജല വിതരണം എന്നിവ റദ്ദു ചെയതിട്ടുണ്ടെങ്കിൽ അതു പുനഃസ്‌ഥാപിക്കണം. ബിൽ കുടിശികയുണ്ടങ്കിൽ അവ നൽകാൻ ധന മന്ത്രാലയം നടപടി സ്വീകരിക്കണം. ഭക്ഷണവും ചികിത്സയും നൽകുന്നതിനു നടപടിയുണ്ടാകണം. നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മറ്റു രാജ്യക്കാർക്കു ടിക്കറ്റ് ലഭ്യമാക്കാൻ സൗദി എയർലൈൻസുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കണം.

സ്വന്തം നാട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്കു ജവാസാത്തിൽ നിന്നും എക്സിറ്റ് ലഭ്യമാക്കാൻ ആഭ്യന്തര മന്ത്രാലയത്തോടും രാജാവ് നിർദേശിച്ചിട്ടുണ്ട്.

അടിയന്തരമായി നാട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്കു അവകാശപ്പെട്ട തുക അവരുടെ സ്വന്തം നാടുകളിൽ എത്തിച്ചു നൽകുന്നതിനു ബന്ധപ്പെട്ട നിയമ സ്‌ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാൻ തൊഴിൽ സാമൂഹ്യ ക്ഷേമ, വിദേശ മന്ത്രാലയങ്ങളോട് നിർദേശിച്ചു. മാത്രവുമല്ല തൊഴിലാളികൾക്ക് ഇതിനു ആവശ്യമായ രേഖകൾ നൽകുകയും വേണം.

പ്രശ്ന പരിഹാരത്തിനും തൊഴിലാളികൾക്കു മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിനായി അടിയന്തരമായി സൽമാൻ രാജാവ് നൂറു ദശലക്ഷം റിയാൽ അനുവദിച്ചു.

തൊഴിൽ സാമുഹ്യക്ഷേമ മന്ത്രിയുടെ അറിവോടെ ആകണം തൊഴിലാളികൾക്കു ഈ അക്കൗണ്ടിൽ നിന്നും പണം നൽകേണ്ടത്. തൊഴിലാളികൾക്കു പണം നൽകിയ വിവരങ്ങൾ ധന മന്ത്രാലയം അതാതു കമ്പനികൾക്കു നൽകണം.

ഇന്ത്യക്കാരായ തൊഴിലാളികളുട വിഷയത്തിൽ സൗദി ഗവണമെന്റ് സ്വീകരിച്ച നടപടി അംബാസഡറെ ബോധ്യപ്പെടുത്താനും തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് രാജാവ് നിർദേശിച്ചു. മറ്റു രാജ്യക്കാരായ തൊഴിലാളികളുടെ വിഷയത്തിലും നടപടി സ്വീകരിച്ചതായി അതാതു രാജ്യങ്ങളുടെ അംബാസഡർമാരേയും ധരിപ്പിക്കണം. ഇതിനു അംബാസഡർമാരുടെ യോഗം വിളിച്ചു ചേർക്കാൻ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് നിർദേശിച്ചു.

പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പിൻ തൊഴിലാളികളുട കാര്യത്തിൽ കൈക്കൊണ്ട നടപടികൾ സംസ്കാരിക വാർത്താ വിനിമയ മന്ത്രാലയത്തെ അറിയിക്കുന്നതിനു തൊഴിൽ സാമൂഹ്യ മന്ത്രിയോട് നിർദേശിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം