പീറ്റർ ജേക്കബിന്റെ തെരഞ്ഞെടുപ്പ് ആസ്‌ഥാനം ഉദ്ഘാടനം ചെയ്തു
Monday, August 8, 2016 6:48 AM IST
സോമർവിൽ (ന്യൂജേഴ്സി): നവംബർ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിനു കേവലം 94 ദിവസം മാത്രം അവശേഷിക്കുമ്പോൾ, ന്യൂജേഴ്സിയിലെ ഏഴാമത് കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും ഡമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്‌ഥാനാർഥിയായി മത്സരിക്കുന്ന പീറ്റർ ജേക്കബിന് ആവേശകരമായ ജന പിന്തുണ.

ഓഗസ്റ്റ് രണ്ടിനു സോമർവില്ലിൽ പീറ്റർ ജേക്കബിന്റെ തെരഞ്ഞെടുപ്പ് ആസ്‌ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തിങ്ങി കൂടിയ ജനസമൂഹം ഏവരെയും ആവേശഭരിതരാക്കി. പീറ്റർ ജേക്കബ് മുമ്പോട്ടു വയ്ക്കുന്ന പുരോഗമനപരമായ ആശയങ്ങളും പരിപാടികളും പാർട്ടിയണികളെ മാത്രമല്ല, നിഷ്പക്ഷമായി ചിന്തിക്കുകയും ചെയ്യുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകളെയും സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നത് പീറ്റർ ജേക്കബിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ശുഭപ്രതീക്ഷയാണ് നൽകുന്നത്.

തുടക്കത്തിൽ സെനറ്റർ ബേർണി സാന്റേഴ്സിന്റെ പുരോഗമനപരമായ ആശയങ്ങളിൽ ആകൃഷ്‌ടനായിരുന്ന പീറ്റർ ജേക്കബ് സാധാരണക്കാർക്കുവേണ്ടിയുള്ളതും മാറ്റത്തിനു വേണ്ടിയുള്ളതുമായ ആ രാഷ്ര്‌ടീയ മുന്നേറ്റം തുടരുമെന്നു വിശ്വസിക്കുകയും അതിനുവേണ്ടി നിലകൊള്ളുമെന്നും വ്യക്‌തമാക്കി. സാമൂഹ്യ ക്ഷേമ

വിഷയത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ പീറ്റർ ജേക്കബ് ന്യൂജേഴ്സിയിലെ ഭവനരഹിതരുടെയും സമൂഹത്തിലെ മറ്റു ദുർബല വിഭാഗങ്ങളുടെയും ഇടയിൽ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുസമയം കണ്ടെത്തുന്നു.

ഇതുവഴി ലഭിച്ച ഉൾക്കാഴ്ച സാമൂഹ്യ നീതിക്കുവേണ്ടി പോരാടുവാനുള്ള ഊർജ്‌ജവും പ്രചോദനവും നൽകുന്നുവെന്നും രാഷ്ര്‌ടീയം കേവലം തൊഴിലായി കണ്ട് ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളോട് നീതി പുലർത്താത്ത നിലവിലുള്ള സംവിധാനത്തിന് മാറ്റം വരുത്തുവാൻ ജനങ്ങൾ തന്റെ പിന്നിൽ അണിനിരക്കുകയാണെന്നും പീറ്റർ അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയും വീക്കെൻഡുകളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയും തുറന്നു പ്രവർത്തിക്കും.

<ആ>റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ