ഓസ്കറിന് ഹിറ്റ്ലർ കോമഡിയും പരിഗണനയിൽ
Saturday, August 6, 2016 8:14 AM IST
ബർലിൻ: ഓസ്കർ പുരസ്കാരത്തിനു അപേക്ഷിക്കാൻ ജർമനി തയാറാക്കിയ സിനിമകളുടെ ഷോർട്ട് ലിസ്റ്റിൽ അഡോൾഫ് ഹിറ്റ്ലറെക്കുറിച്ചുള്ള സറ്റയറിക്കൽ കോമഡി സിനിമയും ഉൾപ്പെടുത്തി. എട്ടു ചിത്രങ്ങളാണ് പട്ടികയിൽ. ഇതിൽനിന്ന് ഒരെണ്ണമായിരിക്കും അടുത്ത വർഷത്തേയ്ക്കുള്ള പുരസ്കാരത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കുക.

ഹിറ്റ്ലർ ആധുനിക ജർമനിയിൽ പുനർജനിച്ച് സ്വന്തമായി ടിവി ഷോ നടത്തുന്നതാണ് ലുക്ക് ഹൂസ് ബാക്ക് എന്ന സിനിമയുടെ പ്രമേയം. തിമൂർ വെർമെസിന്റെ നോവലിനെ ആസ്പദമാക്കി തയാറാക്കിയ സിനിമ ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു.

ഓഗസ്റ്റ് 25നു ചേരുന്ന സ്വതന്ത്ര ജൂറിയാണ് പുരസ്കാരത്തിനു അയയ്ക്കാനുള്ള ചിത്രം അന്തിമമായി തെരഞ്ഞെടുക്കുക.

‘ദ ലൈവ്സ് ഓഫ് അദേഴ്സ്’ ആണ് അവസാനമായി മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ സ്വന്തമാക്കിയ ജർമൻ സിനിമ. 2007ലായിരുന്നു ഇത്. ഹിറ്റ്ലറുടെ അവസാന ദിവസങ്ങളെ ആസ്പദമാക്കിയുള്ള, ഡൗൺഫോൾ എന്ന സിനിമയും രണ്ടു വർഷം മുൻപ് ഓസ്കറിന് അയച്ചിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ