മരിയൻ മിനിസ്ട്രി യുകെ പഠന സഹായ വിതരണം ചെയ്തു
Thursday, August 4, 2016 8:20 AM IST
ലണ്ടൻ: ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മരിയൻ മിനിസ്ട്രി യുകെയും ഫാ. ഷാജി തുമ്പേച്ചിറ നേതൃത്വം നൽകുന്ന സെലിബ്രന്റ്സ് ഇന്ത്യയുമായി ചേർന്നു മധ്യ തിരുവിതാംകൂറിലെ വിവിധ സ്കൂളുകളിലെ നിർധനരായ വിദ്യാർഥികൾക്കു നൽകിയ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.

എൺപതോളം കുട്ടികൾക്കാണ് ധന സഹായം നൽകിയത്. കുട്ടികൾക്കു നേരിട്ട് സഹായം നൽകുന്നതിനു പകരം അവർ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകർ വഴിയാണ് സഹായധനം വിതരണം ചെയ്തത്.

ചങ്ങനാശേരിയിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് പെരുന്തോട്ടം പഠന സഹായ വിതരണം ഉദ്ഘാടനം ചെയ്തു. മരിയൻ മിനിസ്ട്രി നടത്തുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹമാണെന്നും ഇനിയും കൂടുതൽ പരിപാടികൾ ചെയ്യാൻ ഇടവരട്ടെ എന്നും മാർ പെരുന്തോട്ടം ആശംസിച്ചു.
ചടങ്ങിൽ ചങ്ങനാശേരി അതിരൂപത ചാൻസലർ റവ. ഡോ. ടോം പുത്തൻകളം, പ്രോക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, സന്ദേശ നിലയം ഡയറക്ടർ ഫാ. ജോബി കറുകപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. ഫാ. ഷാജി തുമ്പേച്ചിറ, സന്തോഷ് സെലെബ്രന്റ്സ് എന്നിവർ സംസാരിച്ചു.

ഫാ. ഷാജി തുമ്പേച്ചിറയുടെ പ്രചോദനത്താൽ രൂപം കൊണ്ട മരിയൻ മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുന്നത് ഷൈമോൻ തോട്ടുങ്കൽ, ഷെല്ലി ഫിലിപ്പ്, ബിനു കിഴക്കയിൽ, സജി കൊട്ടാരത്തിൽ, മാത്യു ഏലൂർ, ഷിബു എട്ടുകാട്ടിൽ, ഷാജി വരാക്കുടി, എം.സി. ജൂബി, ബിനു പേരൂർ, ബിനീഷ് പെരുമപ്പാടം, ജോബി പുതുക്കുളങ്ങര എന്നിവരാണ്. ന്യൂ കാസിലിലും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അഭ്യുദയ കാംഷികളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് പരിപാടിക്കുള്ള പണം കണ്ടെത്തിയത്. തുടർന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.