സൗദിയിൽ മൊബൈൽ ഫോൺ കണക്ഷനു വിരലടയാളം പ്രാബല്യത്തിലായി
Thursday, August 4, 2016 8:17 AM IST
ദമാം: സൗദിയിൽ മൊബൈൽ ഫോൺ കണക്ഷനു വിരലടയാളം രേഖപ്പെടുത്തണമെന്നുള്ള നിയമം ഓഗസ്റ്റ് നാലു (വ്യാഴം) മുതൽ പ്രാബല്യത്തിലായി. വിരലടയാളം നൽകാത്തവരുടെ മൊബൈൽ ഫോൺ കണക്ഷനുകൾ റദ്ദു ചെയ്യുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ജനുവരി 21 നാണ് മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കുന്നതിനു ടെലികോം അതോറിറ്റി വിരലടയാളം നിർബന്ധമാക്കിയത്.

നിലവിൽ മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരും തങ്ങളുടെ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകിയിരിക്കണമെന്നു ടെലികോം അതോറിറ്റി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

എന്നാൽ കണക്ഷൻ റദ്ദു ചെയ്ത ദിവസം മുതൽ 90 ദിവസത്തിനകം വിരലടയാളം നൽകി കണക്ഷൻ പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു.

ആരുടെ ഇഖാമ ഉപയോഗിച്ചാണോ മൊബൈൽ ഫോൺ കണക്ഷൻ എടുത്തതെങ്കിൽ അവർക്കായിരിക്കും ആ ഇഖാമ നമ്പറിലുള്ള മുഴുവൻ മൊബൈൽ ഫോൺ കണക്ഷന്റെയും ഉത്തരവാദിത്തമെന്നും ടെലികോം അതോറിറ്റി വ്യക്‌തമാക്കി.

പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷൻ ഉള്ളവരും ഡാറ്റാ സിം എടുത്തവരും വിരലയടയാളം നൽകിയിരിക്കണമെന്നാണ് ടെലികോം അതോറിറ്റി അറിയിച്ചത്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം