ഓസ്ട്രിയൻ മണ്ണിൽ അക്രമം അനുവദിക്കില്ല: സെബാസ്റ്റ്യൻ കുർസ്
Thursday, August 4, 2016 7:08 AM IST
വിയന്ന: ഓസ്ട്രിയൻ മണ്ണിൽ അക്രമം അനുവദിക്കില്ലെന്നു വിദേശകാര്യ മന്ത്രി സെബാസ്റ്റ്യൻ കുർസ്. ഓസ്ട്രിയയിലെ തുർക്കി അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി ഇതു വ്യക്‌തമാക്കിയത്.

തുർക്കിയിലെ വിഫലമായ പട്ടാള അട്ടിമറിശ്രമത്തോടനുബന്ധിച്ചാണു വിയന്നയിലെ തുർക്കി വംശജർ പ്രകടനം നടത്തിയത്. എർദോഗൻ അനുകൂലികളും വിമതരും വേറെ വേറെ ഓസ്ട്രിയയിൽ പ്രകടനം നടത്തിയിരുന്നു. എർദോഗൻ അനുകൂലികളുടെ പ്രകടനം നടക്കവേ കുർദ്ദുകൾ നടത്തുന്ന റസ്റ്ററന്റിനു നേരെയുണ്ടായ ആക്രമണമാണ് രാജ്യത്തെ ജനങ്ങളെയും സർക്കാരിനെയും ഏറെ പ്രകോപിപ്പിച്ചത്. ആക്രമണങ്ങളിൽ ഒരു ഹോട്ടൽ അടിച്ചു തകർക്കുകയും സപ്ലയർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

രാജ്യത്തിനു പുറമേനിന്നുള്ള ആഹ്വാനങ്ങൾക്കനുസരിച്ച ഓസ്ട്രിയയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവർ രാജ്യം വിട്ടു പോകുകയാണു നല്ലതെന്നും രാജ്യത്തെ ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. താമസിക്കുന്ന രാജ്യത്തോട് വിശ്വസ്തത പുലർത്തുവാൻ ഏവരും ബാധ്യസ്‌ഥരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ വലതുപക്ഷ പാർട്ടിയായ ഓസ്ട്രിയം ഫ്രീഡം പാർട്ടിയുടെ സ്‌ഥാനാർഥി റോബർട്ട് ഹോഫർ ഒരു പടികൂടി കടന്നു തുർക്കി വംശജർക്ക് ഓസ്ട്രിയൻ പൗരത്വം നൽകുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു. തന്നെയുമല്ല നിലവിലുള്ള ആക്രമ സംഭവങ്ങളിൽ പങ്കെടുത്തവരുടെ പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരട്ട പൗരത്വം രാജ്യം അനുവദിക്കുന്നില്ലെങ്കിലും ഓസ്ട്രിയയിലെ പല തുർക്കിക്കാരും ഇരട്ട പൗരത്വം ഉള്ളവരാണ്. നിയമവിരുദ്ധമായി ഇരട്ട പൗരത്വം തുർക്കിക്കാർ കൈവശം വയ്ക്കുന്നത് രാജ്യത്ത് സമാന്തര നിയമവാഴ്ച പുലരുവാൻ ഇടയാക്കുമെന്നും അതുകൊണ്ട് എത്രയും വേഗം തുർക്കി പൗരന്മാരുടെ ഓസ്ട്രിയൻ പൗരത്വം റദ്ദാക്കണമെന്നും ഹോഫർ ആവശ്യപ്പെട്ടു.

തുർക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഓസ്ട്രിയയിൽ ജീവിക്കുന്ന 90,000 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. അതായത് രാജ്യത്തെ മൂന്നു ലക്ഷം തുർക്കികളിൽ 45 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി എന്നർഥം. ഇതിൽ 1,16,000 പേർ തുർക്കി പൗരന്മാരാണ്. കഴിഞ്ഞ വർഷം ഏകദേശം ആയിരം തുർക്കിക്കാർ ഓസ്ട്രിയൻ പൗരത്വം എടുത്തു.

നിലവിലുള്ള നിയമമനുസരിച്ച് കലാകാരന്മാർ, ശാസ്ത്രജ്‌ഞൻമാർ, കായിക താരങ്ങൾ, വ്യവസായികൾ എന്നിവർക്കുമാത്രമേ ഇരട്ട പൗരത്വം രാജ്യം അനുവദിക്കുന്നുള്ളൂ.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ