ബെർലിൻ ഒളിമ്പിക്സിന്റെ ഓർമകൾക്ക് 80 വയസ്
Wednesday, August 3, 2016 8:24 AM IST
ബെർലിൻ: ബെർലിൻ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് എൺപതു വർഷം പൂർത്തിയാകുന്നു. 1936ലെ ഒളിമ്പിക്സ് അന്നത്തെ നാസി ഭരണകൂടവും ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും വലിയൊരു പ്രചാരണോപാധിയായി
അവതരിപ്പിച്ചതിലൂടെയാണ് കുപ്രസിദ്ധി നേടിയത്.

നാസി ജർമനിയെ ആധുനികവും സഹിഷ്ണതയുള്ളതുമായ രാജ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അന്നു നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുന്നതും ലോകം കണ്ടതാണ്.

ഒരു ലക്ഷത്തോളം കാണികൾക്കു മുന്നിലാണ് 1936 ഓഗസ്റ്റ് ഒന്നിന് ഹിറ്റ്ലർ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച ദീർഘിച്ച കായികമേളയെ ഉടനീളം നാസികളുടെ പ്രചാരണോപാധികൾ കൈയടക്കുകയായിരുന്നു.

ഒന്നാം ലോകയുദ്ധത്തിനു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂറോപ്പിൽ, സമാധാനകാംക്ഷിയായി സ്വയം അവതരിപ്പിക്കാനും രാജ്യങ്ങളെ ഒരുമിപ്പിച്ചു നിർത്താനുമാണ് ഹിറ്റ്ലർ അന്നു ശ്രമിച്ചത്. ജൂതർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പോലും അന്നു താത്കാലികമായി എടുത്തുമാറ്റിയിരുന്നു.

എന്നാൽ, അതിനു മൂന്നു വർഷം മുൻപു തന്നെ ജർമൻ കായികരംഗത്ത് ആര്യൻ മേധാവിത്വം അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ടെന്നിസ് താരമായിരുന്ന ഡാനിയൽ പ്രെന്നിന് ജൂതനാണെന്ന ഒറ്റക്കാരണത്താൽ ഡേവിസ് കപ്പിലെ സ്‌ഥാനം പോലും നഷ്‌ടമായിരുന്നു. എന്നാൽ, ഇത്തരം വംശീയ അജൻഡകളെല്ലാം കുറച്ചു കാലത്തേയ്ക്ക് ലോകമറിയാതെ സൂക്ഷിക്കാൻ ഒളിമ്പിക്സിനെ ഒരു മറയാക്കാൻ നാസികൾക്കു സാധിക്കുകയും ചെയ്തു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ