മസ്ക്കറ്റ് ഫെസ്റ്റിവൽ ഒറ്റ വേദിയിൽ നടത്താൻ ശ്രമം
Wednesday, August 3, 2016 8:24 AM IST
മസ്ക്കറ്റ്: അടുത്ത വർഷം നടക്കുന്ന മസ്ക്കറ്റ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടക്കുമെന്നു മസ്ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

എന്നാൽ 2017 നു ശേഷം നടക്കുന്ന ഫെസ്റ്റിവലുകൾക്ക് പല വേദികൾക്കുപകരം ഒറ്റ വേദിയിൽ നടത്താൻ ശ്രമം ആരംഭിച്ചുവെന്നു അധികൃതർ പറഞ്ഞു. പുതിയ വേദി കണ്ടെത്താനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവർ ഊർജിതപ്പെടുത്തിയിട്ടുണ്ട്. തലസ്‌ഥാനമായ മസ്കറ്റിൽ നിന്നും ദൂരെയല്ലാതെ വിശാലമായ സ്‌ഥലം കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് അധികൃതർ ഏറ്റെടുത്തിരിക്കുന്നത്. വാഹനങ്ങൾക്ക് വേഗത്തിൽ എത്തിപ്പെടാവുന്നതും ഗതാഗത കുരുക്കുകൾ ഉണ്ടാകാതെ വിശാലമായ പാർക്കിംഗ് സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്.

അതേസമയം നിലവിലെ വേദികളായ അമിറാത് പാർക്ക്, നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ആൽമദീന, കൾചറൽ ക്ലബ്ബ് തുടങ്ങിയ സ്‌ഥലങ്ങൾ തന്നെയാവും 2017 മസ്ക്കറ്റ് ഫെസ്റ്റിവലിനു വേദികളാകുക.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം