കൊച്ചി എയർപോർട്ടിന്റെ പുതിയ അന്താരാഷ്ര്‌ട ടെർമിനൽ ലോകത്തിനു മാതൃക
Wednesday, August 3, 2016 6:33 AM IST
ഫ്രാങ്ക്ഫർട്ട്–കൊച്ചി: കൊച്ചി അന്താരാഷ്ര്‌ട എയർപോർട്ടിൽ ആയിരം കോടി രൂപ മുടക്കിൽ നിർമിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ അന്താരാഷ്ര്‌ട ടെർമിനൽ ലോകത്തിനുതന്നെ മാതൃക.

വെറും രണ്ടു വർഷം കൊണ്ടാണ് ഈ കൂറ്റൻ ടെർമിനൽ പൂർത്തിയാക്കിയത്. സിംഗപ്പൂരിൽ 2011 ൽ തുടങ്ങിയ 21 ലക്ഷം ചതുരശ്രയടി വലുപ്പമുള്ള ടെർമിനൽ അടുത്ത വർഷം 2017/2018ലെ പൂർത്തിയാകൂ എന്നു കേൾക്കുമ്പോഴാണ് സിയാൽ അദ്ഭുതമാകുന്നത്. 24 മാസക്കാലം അയ്യായിരത്തോളം വരുന്ന ജോലിക്കാരുടെ 24 മണിക്കൂർ നീണ്ട അശ്രാന്ത പരിശ്രമമാണ് ടെർമിനൽ നിർമാണം ഇത്രവേഗം പൂർത്തിയാക്കാൻ സഹായകമായത്.

50 ലക്ഷം ചതുരശ്രയടി വലുപ്പമുള്ള ഡൽഹി എയർപോർട്ട് ടെർമിനൽ 13000 കോടി മുടക്കി നിർമിച്ചപ്പോൾ അതിന്റെ മൂന്നിലൊന്നു വലുപ്പമുള്ള കൊച്ചി എയർപോർട്ട് ടെർമിനൽ വെറും ആയിരം കോടിക്കു പൂർത്തിയാക്കി എന്നത് മറ്റൊരു വിസ്മയമാണ്.

ടെർമിനൽ 3 അഥവാ ടി 3 എന്നു പേരിട്ടിട്ടുള്ള കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിനെക്കൂടാതെ 34 കോടി രൂപ ചെലവിട്ടു നിർമിച്ച ഫ്ളൈ ഓവറിന്റെ പണിയും പൂർത്തിയായി. മൂന്നു നിലകളിലായാണ്

ടി –3 യുടെ പ്രവർത്തനം. ഫ്ളൈ ഓവറിലൂടെ വാഹനങ്ങൾക്കു നേരിട്ടു മൂന്നാം നിലയിലുള്ള പുറപ്പെടൽ ഭാഗത്തെത്താം. ഒരേ സമയം നാലായിരം യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ടി 3 ടെർമിനൽ. ഇതോടെ നിലവിൽ ഉപയോഗിച്ചുവരുന്ന രാജ്യാന്തര ടെർമിനൽ പൂർണമായും ആഭ്യന്തര ടെർമിനലായി മാറും. പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന സിയാലിന്റെ നേട്ടം എയർപോർട്ടിന്റെ ചിറകിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ