കുവൈത്തിൽ പെട്രോൾ വില വർധിപ്പിക്കുന്നു
Wednesday, August 3, 2016 6:32 AM IST
കുവൈത്ത്: സെപ്റ്റംബർ ഒന്നു മുതൽ പെട്രോൾ നിരക്കു വർധിപ്പിക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് നിരക്കു വർധിപ്പിക്കുന്നത്. പുതിയ നിരക്കു പ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിനു 60 ഫിൽസിനുപകരം 85 ഫിൽസും സൂപ്പറിനു 65 ഫിൽസിനുപകരം 105 ഫിൽസും അൾട്രാ പ്രീമയം ലീറ്ററിനു 95 ഫിൽസിനുപകരം 165 ഫിൽസുമാകും വില.

അതിനിടെ പെട്രോൾ വില 41 മുതൽ 83 ശതമാനം വരെ വർധിപ്പിച്ചതിനെ തുടർന്നു കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂക്ക് അലി അൽഗാനിം എംപിമാരുടെ യോഗം വിളിച്ചു ചേർത്തു. രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വില വർധന നടപ്പിലാക്കണമെന്നു എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

പെട്രോൾ വിലവർധനവ് വില വിദേശികളുടെ ജീവിതതാളം തെറ്റിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറേക്കാലമായി വിവിധ പാർലമെന്റ് കമ്മിറ്റികൾ നിരക്കു വർധനക്ക് ശിപാർശ ചെയ്തിരുന്നു. ലോകബാങ്ക്, ഐഎംഎഫും നിരന്തരമായി പെട്രോൾ സബ്സിഡി കുറയ്ക്കുവാൻ കുവൈത്തിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മേഖലയിൽ ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്ന രാജ്യമാണ് കുവൈത്ത്. അന്താരാഷ്ട്ര വിലകൾക്ക് അനുസൃതമായി ഓരോ മൂന്നു മാസത്തിലും വില നിലവാരം അവലോകനം ചെയ്യുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ