ജിജി വിക്ടർ ചിത്രപ്രദർശനം സംഘടിപ്പിച്ചു
Tuesday, August 2, 2016 6:28 AM IST
ലണ്ടൻ: യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിജി വിക്ടർ ചിത്രപ്രദർശനം വർണങ്ങളിൽ വിസ്മയം ചാലിച്ച അപൂർവ അനുഭവമായിമാറി.

ഇന്ത്യയിലും യുകെയിലും എന്നപോലെ മറ്റു പല രാജ്യങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതിഭാധനനായ കലാകാരനാണു ജിജി.

യുക്മയുടെ ഒരു സഹയാത്രികൻകൂടിയായ ജിജിയുടെ പെയിന്റിംഗുകളുടെ ഒരു പ്രദർശനം 2014 ലെ യുക്മ ദേശീയ കലാമേളയോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. അന്നു ലഭിച്ച മികച്ച പ്രതികരണമാണ് ഇത്തരമൊരു ചിത്രപ്രദർശനം നടത്താൻ യുക്മ സാംസ്കാരികവേദിക്കു പ്രേരകമായത്.

സ്വിണ്ടനിൽ നടന്ന പ്രദർശനം യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്തു. ജിജിയെപ്പോലെ അനുഗ്രഹീതനായ ഒരു കലാകാരൻ നമ്മിലൊരാളായി നമ്മോടൊപ്പം ഉണ്ട് എന്ന തിരിച്ചറിവുതന്നെ യുകെ മലയാളി സമൂഹത്തിനും യുക്മയ്ക്കും അഭിമാനകരമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്രിലിക് പെയിന്റിംഗിൽ തീർത്ത ഏഴു വ്യത്യസ്ത ഭാവതലത്തിലുള്ള ചിത്രങ്ങളുമായാണ് ജിജി ഇത്തവണത്തെ ചിത്രപ്രദർശനത്തിനെത്തിയത്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ നിരവധി കലാസ്വാദകർ ചിത്രപ്രദർശനം കാണുവാൻ എത്തിയിരുന്നു.

യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, യുക്മ സാംസ്കാരികവേദി നേതാക്കളായ തമ്പി ജോസ്, സി.എ. ജോസഫ് തുടങ്ങിയവർ ചിത്രപ്രദർനം വീക്ഷിക്കുവാനും ജിജിക്ക് ആശംസകൾ അർപ്പിക്കുവാനുമായി എത്തിച്ചേർന്നിരുന്നു. യുക്മയ്ക്കുവേണ്ടി പ്രസിഡന്റ് ഫ്രാൻസിസ് മാത്യു ശില്പവും പ്രശംസാപത്രവും വിക്ടറിനു സമ്മാനിച്ചു.

അഞ്ചാം വയസുമുതൽ നിറങ്ങളെ ഒപ്പം കൂട്ടിയ ജിജി സ്കൂളുകളിലും കോളജുകളിലും പെയിന്റിംഗ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരികൂട്ടുകയും പലതവണ കലാപ്രതിഭ പട്ടം ചൂടുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തിലും പെയിന്റിംഗ് മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം യുകെയിലെ എക്സിറ്റർ യൂണിവേഴ്സിറ്റിയിൽനിന്ന് സൈക്കോതെറാപ്പിയും വെൽബീയിംഗ് പ്രാക്ടീഷണർ ട്രെയിനിംഗിലും യോഗ്യതകൾ കരസ്‌ഥമാക്കിയ ജിജി, സ്വിൻഡൻ എൻഎച്ച്എസിൽ ലോക്കം സൈക്കോളജി പ്രാക്ടീഷണർ ആയി ജോലിചെയ്യുന്നു. യുകെയിലെ വിൽഷയർ മലയാളി അസോസിയേഷന്റെ സജീവ അംഗമായ ജിജി അവതാരകൻ, ഡാൻസ് പെർഫോമർ, സ്റ്റേജ് ആർട്ടിസ്റ്റ് എന്നീ നിലകളിലും പ്രസിദ്ധനാണ്. ഭർത്താവിന്റെ കലയിലും ഔദ്യോഗിക ജീവിതത്തിലും പൂർണ പിന്തുണ നൽകുന്ന ഭാര്യ ബിൻസി സ്വിൻഡനിൽ തിയേറ്റർ പ്രാക്ടീഷണറാണ്. മക്കൾ: ഹന്ന, ജോഷ്വ.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ