കിഡ്നി ഫെഡറേഷനും വേൾഡ് മലയാളി കൗൺസിലും കൈകോർക്കുന്നു
Tuesday, August 2, 2016 2:58 AM IST
തിരുവനന്തപുരം: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഫൗണ്ടർ ഫാ. ഡേവിഡ് ചിറമ്മലുമായി സഹകരിച്ച് വേൾഡ് മലയാളി കൗൺസിൽ വൃക്കരോഗികൾക്കായി പദ്ധതി തയാറാക്കുന്നു. വൃക്കരോഗികൾക്ക് ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഡയാലിസിസ് ആവശ്യമാണ്. ഇത്തരത്തിലുള്ള രോഗികളെ സഹായിക്കുന്നതിനായാണ് ലക്ഷ്യമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ജനറൽ കൗൺസിൽ യോഗവും അവാർഡ് ദാനവും ഈ മാസം നാലിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണ് പരിപാടി. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ ചലച്ചിത്ര നടൻ മധു, സുഗതകുമാരി, മാധ്യമ പ്രവർത്തകൻ പി.ജി. സുരേഷ്കുമാർ എന്നിവർക്ക് അവാർഡ് നല്കും.

സമ്മേളനം ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. വനം മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തുമെന്നു ജനറൽ കൺവീനർ ജോൺ മത്തായി, ചെയർമാൻ ഗോപാലപിള്ള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഫൗണ്ടർ ഫാ. ഡേവിഡ് ചിറമ്മലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.