നോർവേയിൽ ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിംഗ് റോഡ് ടണൽ
Monday, August 1, 2016 6:36 AM IST
നോർവേ: ലാന്റ് ഓഫ് മജസ്റ്റിക് എന്നു വിശേഷണമുള്ള നോർവെ, പൊതുവേ അറിയപ്പെടുന്നത് പ്രകൃതി രമണീയതകൊണ്ടാണ്. പ്രകൃതിയെ എല്ലാ നൈർമല്യത്തോടുകൂടി പരിപാലിക്കുന്നതിൽ നോർവീജിയൻ ജനത മുന്നിലാണ്. ഇപ്പോൾ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള മറ്റൊരു വികസനത്തിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് നോർവേ.

ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിംഗ് റോഡ് ടണൽ നിർമിക്കുകയാണ് നോർവേ. തീരപ്രദേശ യാത്രകൾ ദുസഹമായതിനാലാണ് സമുദ്രാന്തർഭാഗത്തായി റോഡിനായി തുരങ്കം നിർമിക്കാൻ നോർവീജിയൻ ഭരണസമിതി തുടക്കമിട്ടിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തേതും അതുപോലെ ഏറ്റവും വലുപ്പമേറിയതുമായിരിക്കും ഫ്ജോർഡ് ഉൾക്കടലിൽ നിർമിക്കുന്ന ഈ തുരങ്കം. ചെങ്കുത്തായ ചെരിവുകൾ ഉള്ള കുന്നുകളാൽ ചുറ്റപ്പെട്ട ആഴം കൂടിയ ഇടുങ്ങിയ ഉൾക്കടലുകളെയാണ് ഫ്ജോർഡ് എന്നുവിളിക്കുന്നത്. ഫ്ജോർഡിന്റെ ഉൾഭാഗത്തായാരിക്കും ഫ്ലോട്ടിംഗ് റോഡ് ടണൽ നിർമിക്കുക. നോർവെയിലെ ഭൂപ്രകൃതി കാരണം സാധാരണ പാലങ്ങൾ പണിയാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വെള്ളത്തിനടിയിൽ കൂടിയുള്ള പാതയായിരിക്കും ഉത്തമം എന്നതിലാണ് ഫ്ജോർഡിൽ തുരങ്കങ്ങൾ നിർമിക്കാമെന്ന നിഗമനത്തിലെത്തിയത്.

നിലവിൽ നോർവീജിയൻ തീരപ്രദേശങ്ങളിലെ ആളുകൾ കൂടുതലായും ബോട്ടുകളേയാണ് ആശ്രയിച്ചുവരുന്നത്. ഇതു കൂടുതൽ സമയമെടുക്കന്നതിനാലും യാത്രയ്ക്ക് ചില അസൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിനാലുമാണ് കടലിനടിയിൽ കൂടി പൊങ്ങികിടക്കുന്ന തരത്തിൽ റോഡു തുരങ്കങ്ങൾ നിർമിക്കാൻ പദ്ധതിയിട്ടത.് നോർവയുടെ തെക്കൻ പ്രവശ്യയായ ക്രിസ്റ്റ്യൻസാന്റിൽ നിന്നും വടക്ക് ട്രോൺദെമിലേക്കുള്ള 680 മൈൽ യാത്രയ്ക്ക് ചുരുങ്ങിയത് 21 മണിക്കൂറെങ്കിലും വേണ്ടിവരും. ഫ്ളോട്ടിംഗ് ടണൽ വരുന്നതോടെ യാത്രസമയം പകുതിയായി വെട്ടിചുരുക്കാൻ കഴിയുമെന്നാണ് നോർവീജിയൻ പബ്ലിക് റോഡ് അഡ്മിനിസ്ട്രേഷന്റെ കണക്കുകൂട്ടൽ.

ജലോപരിതലത്തിൽ നിന്ന് 2030 മീറ്റർ താഴ്ചയിൽ വലിയ കോൺക്രീറ്റ് ട്യൂബുകൾ ഉപയോഗിച്ചാണ് തുരങ്ക നിർമാണം നടത്തുന്നത്. ഓരോ ട്യൂബിനും വാഹനങ്ങൾക്കായി ഇരട്ടപാത പണിയാൻതക്ക വീതി ഉണ്ടായിരിക്കും. രണ്ടു തുരങ്കങ്ങളിലായി ഒറ്റ ദിശയിലേക്കുള്ള ഗതാഗതമായിരിക്കും സജ്‌ജമാക്കുക. 2035 ഓടുകൂടി നിർമാണം പൂർത്തിയാക്കുന്ന ഈ പാതയ്ക്ക് 25 ബില്ല്യൺ ഡോളറാണ് നിർമാണചെലവു പ്രതീക്ഷിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ