പുതിയ വിവാദവുമായി ട്രംപ്
Friday, July 29, 2016 3:16 AM IST
വാഷിങ്ടൺ: ഫിലഡൽഫിയയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്‌ഥാനാർത്ഥി ഡോണൾഡ് ട്രംപിനു മേൽ കടന്നാക്രമണം നടത്തുകയും ട്രംപിനെ നിശിതമായി വിമർശിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഓരോ റിപ്പോർട്ടിലും തനിക്ക് ലഭിക്കുന്ന പ്രാധാന്യം വർധിപ്പിക്കുവാൻ മറ്റൊരു വിവാദ പ്രസ്താവനയുമായി ട്രംപ് എത്തി.

’റഷ്യ, നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, എനിക്ക് തോന്നുന്നത് കാണാതായ 30,000 ഇമെയിലുകൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും ട്രംപ് പറഞ്ഞു. നിങ്ങൾക്ക് ഇതിന് തക്കതായ പാരിതോഷികം ഞങ്ങളുടെ മാധ്യമങ്ങൾ നൽകുമെന്നും ഞാൻ വിശ്വസിക്കുന്നു’ എന്ന് കൂട്ടിച്ചേർത്തു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്‌ഥാനാർത്ഥി ഹിലരി ക്ലിന്റന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്ത ഈ മെയിലുകളാണ് ട്രംപ് ഉദ്ദേശിച്ചത്.

ഡമോക്രാറ്റിക് കൺവൻഷനിൽ ഹിലറിക്ക് നോമിനേഷൻ ലഭിക്കുകയും പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം അവരെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ ഒരു ’ സ്പോയിലർ ഇഫക്ട്’ ഉണ്ടാക്കുവാൻ നടത്തിയ ശ്രമമായി ചില നിരീക്ഷകർ ഇത് കണ്ടു. ജനീവ കൺവൻഷൻ ഉടമ്പടികൾ കാലഹരണപ്പെട്ടു എന്നു പറഞ്ഞ ട്രംപ് ഒരു മാധ്യമ പ്രവർത്തകൻ ചോദ്യം ചോദിക്കുവാൻ ശ്രമിച്ചത് വിലക്കി. വിദേശ രാജ്യ നേതാക്കൾക്ക് അമേരിക്കയോടുളള ബഹുമാനം നഷ്‌ടമായത് കാരണമാണ് ഡിഎൻസി തട്ടിക്കൊണ്ട് പോയതായിരിക്കും എന്ന് താൻ പറഞ്ഞതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് ഉടനെ തന്നെ ഡെമോക്രാറ്റിക് നേതാക്കളുടെ പ്രതികരണമുണ്ടായി. മുൻപിൻ നോക്കാതെ സ്‌ഥിരതയില്ലാതെ അപകടകരമായ അജ്‌ഞതയിലൂടെ നടത്തിയ പ്രസ്താവനയാണിത് എന്നാണ് മറുപടി ഉണ്ടായത്. ഒരു പ്രസിഡന്റ് സ്‌ഥാനാർത്ഥിക്കുമേൽ ചാരവൃത്തി ചെയ്യുവാനുളള ക്ഷണമായും ചിലർ വിശേഷിപ്പിച്ചു. റിപ്പബ്ലിക്കൻ കൺവൻഷനിൽ ഹിലരിയെ വിജയിപ്പിക്കുക ബരാക്ക് ഒബാമയ്ക്ക് മൂന്നാം ഊഴം നൽകുകയായിരിക്കും എന്ന ആരോപണം ഉണ്ടായിരുന്നു. ഹെൽത്ത് കെയർ, കുടിയേറ്റത്തിന് നൽകിയ എക്സിക്യൂട്ടീവ് ഓർഡർ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തോടും മറ്റ് സുരക്ഷാ വെല്ലുവിളികളോടുമുളള സമീപനം എല്ലാം ഒബാമ ഭരണത്തിലെ പോലെ ഹിലരി ഭരണത്തിലും തുടരും എന്നായിരുന്നു ആരോപണം.

ഹിലരിയുടെ പ്രധാന ശക്‌തി കേന്ദ്രങ്ങൾ ഇപ്പോൾ ഒബാമ, ജോബൈഡൻ, മിഷേൽ ഒബാമ, ബിൽ ക്ലിന്റൺ, ടിം കെയിൻ എന്നിവരാണ്. വൈസ് പ്രസിഡന്റ് സ്‌ഥാനാർത്ഥി കെയിന് ചെയ്യുവാനുളളത് തന്നെ തിരഞ്ഞെടുത്തത് ശരിയായിരുന്നു എന്ന് തെളിയിക്കുക, വോട്ടർമാരെ ആകർഷിക്കുക, തനിക്ക് വ്യത്യസ്തമായ വ്യക്‌തിത്വം ഉണ്ടെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ്. !ഡെമോക്രാറ്റിക് കൺവൻഷനിൽ സംസാരിക്കവെ അമേരിക്കക്കാർ അന്യോന്യം പോരാടരുതെന്ന് കെയിൻ അഭ്യർത്ഥിച്ചു. ഇടയ്ക്കിടെ സ്പാനിഷ് ഫ്രെയിസുകളും സാധാരണ പ്രസംഗങ്ങളിൽ കേൾക്കാറുളളതുപോലെ ബാല്യകാല വിവരങ്ങളും നടത്തി ശ്രോതാക്കളെ കയ്യിലെടുക്കുവാനും ശ്രമം ഉണ്ടായി.

രണ്ട് കൺവൻഷനുകളിലും ന്യൂനപക്ഷങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ല എന്ന് പരാതി ഉണ്ടായി. കറുത്ത വർഗക്കാരനായ പ്രമുഖ കോളമിസ്റ്റ് ഗ്രോമർ ജെഫേഴ്സ് എഴുതിയത് കറുത്ത (വർഗ്ഗക്കാരായ) വോട്ടർമാരെ പ്രലോഭിച്ചശേഷം അവഗണിച്ചു എന്നാണ്. അവരുടെ പ്രധാന ആവശ്യങ്ങളായ തൊഴിൽ, നിലവാരമുളള വിദ്യാഭ്യാസ സംവിധാനം, അയൽപക്കത്തിന്റെ വികസനം എന്നിവ പരിഹരിക്കുവാൻ എന്തെങ്കിലും ശ്രമം ഉണ്ടാവുമെന്ന് വാഗ്ദാനം ഉണ്ടായില്ല. കറുത്ത വർഗക്കാരായ ഭാരവാഹികൾക്കും ഡെലിഗേറ്റുകൾക്കും ഡെമോക്രാറ്റിക് കൺവൻഷനിൽ പ്രധാനപ്പെട്ട സ്‌ഥാനങ്ങൾ നൽകിയിരുന്നു. എന്നാൽ െരപെം ടൈമിൽ ഇവർക്ക് അവസരം നൽകിയില്ല. ഈ കൺവൻഷനിൽ തോക്ക് അക്രമം പൊലീസ് ഉൾപ്പെട്ട മാരക വെടിവയ്പ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ ദീർഘനാളായി നിലനിൽക്കുന്ന സാമ്പത്തിക അസന്തുലിതാവസ്‌ഥയ്ക്കു പരിഗണന ലഭിച്ചില്ല. പല ബ്ലാക്ക് അമേരിക്കൻസിന്റെയും ഏറ്റവും അടിയന്തിര പ്രശ്നം ഇതാണ്.

ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറ്റവും ആശ്രയിക്കാവുന്ന വിഭാഗമാണ് കുറത്ത വോട്ടർമാർ. കൗണ്ടി തിരഞ്ഞെടുപ്പ് മുതൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ഫലങ്ങൾ മാറ്റി മറിക്കുവാൻ കഴിവുളള വിഭാഗം. എന്നിട്ടും എട്ടു വർഷത്തെ കറുത്ത വർഗക്കാരനായ ഡെമോക്രാറ്റിക് പ്രസിഡന്റിന്റെ ഭരണത്തിനുശേഷവും അവരുടെ സാമ്പത്തിക നേട്ടങ്ങൾ തുച്ഛമാണ്– ജെഫേഴ്സ് എഴുതുന്നു.

<യ> റിപ്പോർട്ട്: ഏബ്രഹാം തോമസ്