വൃക്കരോഗിയായ ഇടുക്കി സ്വദേശിയെ നവോദയ റിയാദ് നാട്ടിലെത്തിച്ചു
Thursday, July 28, 2016 7:12 AM IST
റിയാദ് : സ്പോൺസർ ഉപേക്ഷിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി സജിമോനെ (45) നവോദയ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഇരുവൃക്കകളിലും വെള്ളം അടിഞ്ഞുകൂടി ഗുരുതരാവസ്ഥയിലായതിനാൽ എത്രയും വേഗം വിദഗ്ധ ചികിത്സ നേടാൻ റിയാദിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

സജിമോന്റെ പക്കൽ ഇക്കാമയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല. സ്പോൺസറെ നവോദയ പ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും സഹകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

തുടർന്നു നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ലത്തീഫ് കല്ലമ്പലം ഇന്ത്യൻ എംബസിയുടെ സഹായം തേടുകയും എംബസി നൽകിയ താത്കാലിക പാസ്പോർട്ടിൽ തർഹീൽ (ഡീപോർട്ടേഷൻ സെന്റർ) അധികൃതർ എക്സിറ്റ് വീസ നൽകുകയായിരുന്നു.

സജിമോന്റെ യാത്രയ്ക്കുള്ള വിമാന ടിക്കറ്റിനു പുറമേ ചികിത്സാ ധനസഹായമായി മലാസിലും പരിസരത്തുമുള്ള പ്രവാസി മലയാളികൾ സമാഹരിച്ച 25,000 രൂപയും നവോദയ മലാസ് യൂണിറ്റു പ്രവർത്തകർ കൈമാറി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ