വിനയനു കേളി യാത്രയയപ്പു നൽകി
Wednesday, July 27, 2016 4:55 AM IST
റിയാദ്: ഇരുപത്തിയേഴു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്കു മടങ്ങുന്ന കേളി പ്രവർത്തകൻ എറണാകുളം നേര്യമംഗലം സ്വദേശി വിനയനു കേളി അൽഖർജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നു സ്നേഹനിർഭരമായ യാത്രയയപ്പു നൽകി.

കേളിയുടെ സജീവ പ്രവർത്തകനായിരുന്ന വിനയൻ കേന്ദ്ര കമ്മിറ്റി അംഗം, അൽഖർജ് ഏരിയ പ്രസിഡന്റ്, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 27 വർഷമായി അൽഖർജിൽ ഷൊറൂഖ് അൽഖർജ് ടാങ്ക് കമ്പനിയിൽ ഫോർമാനായാണ് ജോലി ചെയ്തിരുന്നത്. വിനയന്റെ ഭാര്യ റെജി കേളിയുടെ വനിതാവിഭാഗമായ കേളി കുടുംബവേദിയുടെ അൽഖർജ് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

യാത്രയയപ്പു ചടങ്ങിൽ അൽഖർജ് ഏരിയ രക്ഷാധികാരിസമിതി കൺവീനർ ടി.ജി. ജോസഫ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശ്രീകാന്ത് കേളിയുടെ ഉപഹാരം വിനയനു സമ്മാനിച്ചു. കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, സതീഷ്കുമാർ, കേന്ദ്രകമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, ഏരിയ വൈസ് പ്രസിഡന്റുമാരായ ഗോപാലൻ, രാജൻ പള്ളിത്തടം, ജോയിന്റ് സെക്രട്ടറി സിയാദ് മണ്ണഞ്ചേരി, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റു സെക്രട്ടറിമാർ എന്നിവർ ആശംസകൾ നേർന്നു. വിനയൻ യാത്രയയപ്പിനു നന്ദി പറഞ്ഞു. അൽഖർജ് ഏരിയയിലെ വിവിധ യുണിറ്റുകളിൽ നിന്നെത്തിയ നിരവധി കേളി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.