ജർമനിയിൽ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് സിറിയൻ അഭയാർഥിയായ ഐഎസ് അനുഭാവി
Tuesday, July 26, 2016 4:02 AM IST
ബെർലിൻ: തെക്കൻ ജർമനിയിലെ സംസ്‌ഥാനമായ ബവേറിയയിലെ നൂറംബർഗിനു സമീപമുള്ള അൻസ്ബാഹിൽ ഒരു ബാറിനു സമീപം ചാവേർ സ്ഫോടനം നടത്തി മരിച്ച 27 കാരനായ സിറിയൻ അഭയാർഥി ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുഭാവി ആയിരുന്നുവെന്നു ബവേറിയ ആ്യന്തര മന്ത്രി വെളിപ്പെടുത്തി.

ഇയാളുടെ മൊബൈൽ ഫോണിലെ ഡേറ്റകൾ പരിശോധിച്ചപ്പോൾ ഐസുമായിട്ടുള്ള ബന്ധത്തിന്റെ വിവരങ്ങൾ ലഭിച്ചുവെന്നാണ് മന്ത്രി ജോവാഹിം ഹെർമാന്റെ വെളിപ്പെടുത്തൽ. രണ്ടു മൊബൈൽ ഫോണുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അതിൽ ഒരെണ്ണം ഇരട്ട സിം കാർഡ് ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്നും ബോംബു നിർമാണ സാമഗ്രികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾക്കായി തെരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. യൂഗെൻസ് വൈൻ ബാറിനു സമീപം ഞായറാഴ്ച രാത്രി പത്തിനാണ് സ്ഫോടനം നടന്നത്. ആക്രമണത്തിനായി ബാറിനുള്ളിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പുതന്നെ മെറ്റൽ ബോംബ് പൊട്ടിയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

അൻസ്ബാഹ് ഓപ്പൺ മ്യൂസിക് ഫെസ്റ്റിവൽ എന്ന പരിപാടി നടക്കുന്നതിനു തൊട്ടടുത്താണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടർന്നു സംഗീത പരിപാടി നടക്കുന്ന വേദിയിൽ നിന്ന് 2500 പേരെ ഒഴിപ്പിച്ചു.

ജർമനിയിൽ അഭയം നിഷേധിക്കപ്പെട്ട ഇയാൾ പ്രതികാരമായാണ് സ്ഫോടനം നടത്തിയതെന്നു അധികൃതർ അറിയിച്ചു.

ഒരു ബാഗിലൊളിപ്പിച്ച മെറ്റൽ ബോംബുമായാണ് ഇയാൾ എത്തിയത്. ഒരു വർഷം മുമ്പ് ജർമനിയിലെത്തിയ ഇയാൾ രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഇയാളുടെ പേരു വിവരങ്ങളും മറ്റും പുറത്തു വിട്ടിട്ടില്ല. അൻസ്ബാഹിൽ ആകെ 40,000 പേരാണ് താമസിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബവേറിയയിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഒരാഴ്ച മുമ്പ് വൂർസ്ബുർഗിൽ ട്രെയിനിലുണ്ടായ കോടാലി ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അഭയാർഥിയായ അക്രമിയെ പിന്നീട് പോലീസ് വെടിവച്ചുകൊന്നു.

വെള്ളിയാഴ്ച മ്യൂണിക്കിലെ ഷോപ്പിംഗ് മാളിൽ നടന്ന വെടിവയ്പിൽ ഒൻപതു പേർ മരിച്ചിരുന്നു. ഈ കൃത്യം നടത്തിയത് വിഷാദരോഗി എന്ന പറയപ്പെടുന്ന 18 കാരനായ ഇറാൻ വംശജനാണ്. പിന്നീട് ഇയാൾ സ്വയംവെടിയുതിർത്തു ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഞായറാഴ്ച സ്റ്റുട്ട്ഗാർട്ടിനടുത്ത് 21 കാരനായ അഭയാർഥിയുടെ കത്തിയാക്രമണത്തിൽ ഒരു ഗർഭിണി മരിച്ചിരുന്നു. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

എന്തായാലും ജർമനിയിൽ തുടരെയുണ്ടാകുന്ന അക്രമങ്ങളും അശാന്തിയും ഇവിടുത്തെ സ്വൈര്യജവിതം തകർക്കുക മാത്രമല്ല ജർമൻകാരുടെ ഉറക്കംതന്നെ കെടുത്തിയിരിക്കുകയാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ