ഓസ്ട്രേലിയൻ സെൻസസിൽ എല്ലാ മലയാളികളും പങ്കു ചേരുക: ഗ്ലോബൽ മലയാളി കൗൺസിൽ
Tuesday, July 26, 2016 3:57 AM IST
മെൽബൺ: അഞ്ചു വർഷത്തിലൊരിക്കൽ ഓസ്ട്രേലിയൻ സർക്കാർ നടത്തി വരുന്ന ഓസ്ട്രേലിയൻ സെൻസസിൽ എല്ലാ മലയാളികളും സജീവമായി പങ്കെടുക്കണമെന്നു ഗ്ലോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയ കമ്മിറ്റി അഭ്യർഥിച്ചു. ഓഗസ്റ്റ് ഒൻപതിനു (ചൊവ്വ) രാത്രി ഓൺലൈനിലൂടെയാണ് സെൻസസ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.

വീട്ടിൽ ഇംഗ്ലീഷ് അല്ലാതെ മറ്റ് ഏതു ഭാഷയാണു സംസാരിക്കുന്നതെന്ന ചോദ്യത്തിന് മലയാളം എന്നു രേഖപ്പെടുത്തണം. ഓഗസ്റ്റ് ഒന്നു മുതൽ വീടുകളിലേക്ക് ഓൺലൈനിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് കത്തുകൾ വരും. ആർക്കെങ്കിലും ആപ്ലിക്കേഷൻ ഫോം നേരിട്ട് കിട്ടണമെങ്കിൽ ഓസ്ട്രേലിയൻ ബ്യൂറോ സ്റ്റാറ്റിസ്ക്സിന്റെ ഓഫീസിലേക്ക് ഇമെയിൽ അയച്ചാൽ ഫോം വീടുകളിലേക്ക് അയച്ചു തരും. ഓസ്ട്രേലിയയിലേക്ക് സന്ദർശനത്തിനു വരുന്ന മലയാളികൾക്കും ഓസ്ട്രേലിയൻ സെൻസസിൽ പങ്കാളികളാകാം.

വരുന്ന അഞ്ചു വർഷക്കാലം രാജ്യത്തെ ഭാഷാ അടിസ്‌ഥാനത്തിലുളള കുടിയേറ്റ വംശജർക്കുളള സർക്കാർ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ഓഗസ്റ്റ് ഒൻപതിനു ശേഖരിക്കുന്ന സെൻസസ് ഡേറ്റാ പ്രകാരം ആയിരിക്കും തീരുമാനിക്കുക. മലയാളികൾക്ക് സഹായകരമാകുന്ന ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതികൾ, ലൈബ്രറികളിൽ മലയാള പുസ്തകങ്ങൾ ലഭ്യമാകുന്ന പ്രവർത്തനങ്ങൾ, ഭാഷാ വിഭാഗങ്ങൾക്കുളള ചൈൽഡ് കെയർ സെന്ററുകൾ, സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിനുളള നടപടികൾ തുടങ്ങി വിവിധ കർമ പരിപാടികൾക്ക് സെൻസസ് വഴി പ്രയോജനം ലഭിക്കും.

ഗ്ലോബൽ മലയാളി കൗൺസിലിന്റെ ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് റെജി പാറയ്ക്കൻ, മറ്റു ഭാരവാഹികളായ ഷാജൻ ജോർജ്, അലക്സ് കുന്നത്ത്, കിഷോർ ജോസ്, സ്റ്റീഫൻ ഓക്കാടൻ, ഹൈനസ് ബിനോയി എന്നിവർ മെൽബണിലെ ബോധവത്കരണ പരിപാടികൾക്കു നേതൃത്വം നൽകും.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ