ജർമനി തോക്ക് വില്പന നിയന്ത്രിക്കാൻ ആലോചിക്കുന്നു
Monday, July 25, 2016 7:30 AM IST
ബെർലിൻ: ജർമനിയിൽ തോക്ക് വില്പന കർശനമായി നിയന്ത്രിച്ചേക്കും. മ്യൂണിച്ചിലെ ഷോപ്പിങ് കേന്ദ്രത്തിലുണ്ടായ വെടിവയ്പന്റെയും കൂട്ടക്കുരുതിയുടെയും പശ്ചാത്തലത്തിലാണിത്.

മാരകായുധങ്ങളുടെ ലഭ്യത നിയന്ത്രിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു വൈസ് ചാൻസലർ സിഗ്മർ ഗബ്രിയേൽ വ്യക്‌തമാക്കി. തെക്കൻ ജർമനിയിലെ ഒളിമ്പിയ ഷോപ്പിംഗ് കേന്ദ്രത്തിലെ മക്ഡൊണാൾഡ് റസ്റ്റാറൻറിനടുത്തുണ്ടായ വെടിവയ്പിൽ ഒമ്പതു പേരാണു കൊല്ലപ്പെട്ടത്.

ഡേവിഡ് സോൺബോലി എന്ന 18കാരൻ തുരുതുരാ വെടിവച്ചശേഷം സ്വയം വെടിവച്ച് മരിച്ച സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. സംഭവസ്‌ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി തോമസ് ഡി. മെസരെ നിലവിലെ തോക്ക് നിയമം പുനരാലോചിക്കുമെന്ന് അറിയിച്ചിരുന്നു. വെടിവയ്പിൽ പരിക്കേറ്റ 27 പേരിൽ 10 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഡേവിഡ് സോൺബോലി ഒരു വർഷം മുമ്പേ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ വെളിപ്പെടുത്തി. ആക്രമിയുടെ പക്കൽ ഗ്ളോക്ക് പിസ്റ്റലും 300 വെടിയുണ്ടകളും ഉണ്ടായിരുന്നു. നിയമവിരുദ്ധമായാണ് അക്രമി തോക്ക് വാങ്ങിയതെന്നും പോലീസ് കണ്ടത്തെി. ആരെയും പ്രത്യേക ലക്ഷ്യംവച്ചല്ല ആക്രമണമെന്നും ആക്രമിയുടെ സഹപാഠികളാരും ഇരയായിട്ടില്ളെന്നും പോലീസ് വ്യക്‌തമാക്കി. 2009ൽ സ്കൂൾ കൂട്ടക്കൊല നടന്ന വിന്നെൻദെൻ നഗരം സന്ദർശിച്ച് ഡേവിഡ് ഫോട്ടോകളെടുത്തിരുന്നു. കൊലപാതക വീഡിയോ ഗെയിമുകളുടെ ആരാധകനായിരുന്നു പ്രതി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ