യുഎഇ എക്സ്ചേഞ്ചും ഫസ്റ്റ് ഗൾഫ് ബാങ്കും ധാരണാപത്രത്തിൽ ഒപ്പുവച്ചു
Monday, July 25, 2016 5:47 AM IST
അബുദാബി: യുഎയിലെ തദ്ദേശീയർക്കും പ്രവാസികൾക്കും പെട്ടെന്നുള്ള ഹ്രസ്വ കാല സാമ്പത്തികാവശ്യങ്ങൾ നിർവഹിക്കാൻ വഴിയൊരുക്കുന്ന ‘അഡ്വാൻസ്’ എന്നൊരു സേവന പരിപാടിക്ക് യുഎഇ എക്സ്ചേഞ്ചും പ്രമുഖ ബാങ്കിംഗ് സ്‌ഥാപനമായ ഫസ്റ്റ് ഗൾഫ് ബാങ്കും തമ്മിൽ ധാരണയായി.

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ യുഎഇ എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാടും ഫസ്റ്റ് ഗൾഫ് ബാങ്ക് കൺസ്യൂമർ ബാങ്കിംഗ് മേധാവി ഹന റോസ്തമാനിയും ഒപ്പുവച്ചു.

പുതിയ സംവിധാനം യുഎഇ എക്സ്ചേഞ്ചിന്റെ യുഎഇയിലുടനീളമുള്ള മുഴുവൻ ശാഖകളിലൂടെയും ലഭ്യമാക്കും. ഉപയോക്‌താക്കൾക്ക് ഏറ്റവും മികച്ച സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ ഉത്സാഹിക്കുന്ന ഫസ്റ്റ് ഗൾഫ് ബാങ്ക്, ഈ പദ്ധതിയിലൂടെ ഷോർട്ട് ടേം കാഷ് അഡ്വാൻസ് സംവിധാനം, യുഎഇ എക്സ്ചേഞ്ചിന്റെ സഹായത്തോടെ രാജ്യത്തുടനീളം ലഭ്യമാക്കുമെന്നു ഫസ്റ്റ് ഗൾഫ് ബാങ്ക് പേഴ്സണൽ ബാങ്കിംഗ് മേധാവി ഗിരീഷ് അദ്വാനി പറഞ്ഞു. ഇരു സ്‌ഥാപനങ്ങളുടേയും സഹകരണവും നൂതന സേവനവും ഉപഭാക്‌താക്കൾക്ക് ഏറെ പ്രയോജനപ്പെടുമെന്നും ദുബായി മെട്രോയിലെ 17 ഉൾപ്പെടെ രാജ്യത്തെ യുഎഇ എക്സ്ചേഞ്ചിന്റെ 150 ശാഖകളിലും പദ്ധതി എത്തിക്കുമെന്നും യുഎഇ എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള