മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാൾ ആചരിച്ചു
Monday, July 25, 2016 5:45 AM IST
ന്യൂയോർക്ക്: മലങ്കര കത്തോലിക്ക പുനരൈക്യ പ്രസ്‌ഥാനത്തിന്റെ സമാരംഭകനായിരുന്ന ദൈവദാസൻ മാർ ഈവാനിയോസിന്റെ അറുപത്തിമൂന്നാമത് ഓർമപ്പെരുന്നാൾ ജൂലൈ 10ന് എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡി പോൾ കത്തീഡ്രൽ ദേവാലയത്തിൽ ആചരിച്ചു.

വിശുദ്ധ കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും ഭദ്രാസനാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് നേതൃത്വം നൽകി. പത്തോളം വൈദികർ സഹകാർമികരായിരുന്നു. അറൂന്നൂറിൽപ്പരം വിശ്വാസികൾ ഓർമപെരുന്നാളിൽ പങ്കെടുത്തു.

യോങ്കേഴ്സ് മലങ്കര കത്തോലിക്ക ഇടവക വികാരി ഫാ. സണ്ണി മാത്യു നടത്തിയ ദൈവദാസൻ മാർ ഈവാനിയോസ് അനുസ്മരണ പ്രഭാഷണത്തിൽ മൂശയുടേയും ഏലിയായുടെയും തീക്ഷ്ണതയോടെ ശുശ്രൂഷ നടത്തിയ ദൈവദാസൻ മാർ ഈവാനിയോസ് മലങ്കര സഭയുടെ മഹത്തായ സമ്പത്തും മാർഗദർശനവുമാണെന്നു പങ്കുവച്ചു. ശ്രാദ്ധ ഊട്ടോടുകൂടി ഓർമപ്പെരുന്നാൾ സമാപിച്ചു.

<ആ>റിപ്പോർട്ട്: മോഹൻ വർഗീസ്