യെമൻ സ്വദേശിയെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു
Sunday, July 24, 2016 10:08 PM IST
നെടുമ്പാശേരി: യെമനിൽ റോഡ പകടത്തെ തുടർന്നു ചലനശേഷി നഷ്‌ടപ്പെട്ടു കിടപ്പിലായ യുവാവിനെ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. യെമൻ സ്വദേശിയായ മുഹമ്മദ് യഹ്യ അഹമ്മദ് അൽവാർദ എന്ന മുപ്പതുകാരനെയാണു പ്രത്യേക വിമാനമാർഗം കാക്കനാട് സൺറൈസ് ആശുപത്രിയിൽ ഇന്നലെ എത്തിച്ചത്.

റോഡപകടത്തിൽപ്പെട്ടു നടുവിനു കഠിനമായ ക്ഷതമേൽക്കുകയും നട്ടെല്ല് ഒടിയുകയും ചെയ്തതിനാൽ മുഹമ്മദിനു നടക്കാനോ ശരീരം അനക്കാനോ സാധിക്കാത്ത അവസ്‌ഥയിലാണ്.

മുഹമ്മദ് യഹ്യയെ യെമനിൽനിന്ന് ഒമാൻ എയറിന്റെ പ്രത്യേക സജ്‌ജീകരണങ്ങളോടു കൂടിയ വിമാനത്തിലാണ് ഇന്നലെ വൈകുന്നേരം 3.30ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് പ്രത്യേക ആംബുലൻസിൽ കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചു. അസ്‌ഥിരോഗ വിഭാഗത്തിലെ മുതിർന്ന ഡോ. മഞ്ജുനാഥിന്റെ നേതൃത്വത്തിൽ മുഹമ്മദ് യഹ്യയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും.