ഷിക്കാഗോ സേക്രഡ് ഹാർട്ട് ദേവാലയ ദശാബ്ദി: മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥി
Saturday, July 23, 2016 7:48 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ ദശാബ്ദി ആഘോഷം സെപ്റ്റംബർ 9, 10, 11 തീയതികളിൽ ആഘോഷിക്കുന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർ മുഖ്യാതിഥികളായിരിക്കും.

അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ സഭാപരമായ വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ സേക്രഡ് ഹാർട്ട് ദേവാലയം ദശാബ്ദി പിന്നിടുമ്പോൾ അത് ഇടവകസമൂഹത്തെ സംബന്ധിച്ചിടത്തോളം, അഭിമാനത്തിന്റേയും ക്യതജ്‌ഞതയുടേയും നിമിഷങ്ങളാണ്. ഈ ദേവാലയത്തിന്റെ വിശ്വാസ വളർച്ചയുടെ തുടർച്ചയായി, ഇന്നു വടക്കേഅമേരിക്കയിൽ ക്നാനായ സമുദായത്തിന് 12 ദേവാലയങ്ങളും 9 മിഷനുകളുമാണുള്ളത്. വടക്കേഅമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ദേവാലയം എന്ന ദീർഹകാല സ്വപ്നം സാക്ഷാത്കരിച്ചത് മുൻവികാരി ജനറാളും ഫൊറോന വികാരിയുമായ ഫാ. ഏബ്രാഹം മുത്തോലത്തിന്റെ നേതൃത്വപാടവവും പ്രചോദനവവും ദീർഘവീക്ഷണവും ഒന്നുകൊണ്ടു മാത്രമാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാലിന്റേ നേതൃത്വത്തിൽ, ക്നാനായ റീജൺ ആത്മീയവളർച്ചയിൽ ഇപ്പോൾ മുന്നേറുന്നു.

കഴിഞ്ഞ പത്തു വർഷക്കാലം തിരുഹൃദയ ദേവാലത്തിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കാനും ദശാബ്ദി ആഘോഷങ്ങൾക്ക് ആത്മീയമായി ഒരുങ്ങുന്നതിനുവേണ്ടിയും ഓഗസ്റ്റ് 25 മുതൽ 28 വരെ കൈറോസ് ടീം നയിക്കുന്ന ആത്മീയ ശുഷ്രൂഷ നടത്തുന്നു.

സെപ്റ്റംബബർ ഒൻപതിനു വൈകുന്നേരം ഏഴിന് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. വിശുദ്ധ കുർബാനയോടനുബന്ധിച്ച് പത്താം വാർഷിക ആഘോഷപരിപാടികൾ അദ്ദേഹം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്നു പാരീഷ്ഹാളിൽ കലാസന്ധ്യ അരങ്ങേറും.

10നു (ശനി) ദേവാലത്തിൽ 12 മണിക്കൂർ ആരാധന നടക്കും. രാവിലെ ഒൻപതിന് മാർ ജേക്കബ് അങ്ങാടിയത്ത് ദിവ്യബലി അർപ്പിക്കും തുടർന്നു രാത്രി ഒൻപതു വരെ ആരാധന തുടരും.

11നു (ഞായർ) രാവിലെ 9.30 ന് ദേവാലയ അങ്കണത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർക്ക് സ്വീകരണം നൽകും. തുടർന്നു മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി നടക്കും. ഉച്ചയ്ക്ക് 12നു ചേരുന്ന സമാപനസമ്മേളനം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. തുടർന്നു സ്നേഹവിരുന്നോടുകൂടി ദശാബ്ദി ആഘോഷ പരിപാടികൾ സമാപിക്കും.

തിരുഹൃദയ ഇടവകയുടെ ദശാബ്ദി ആഘോഷപരിപാടികളിലേക്ക് ഏവരേയും ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് സ്വാഗതം ചെയ്തു. ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ഫിലിപ്പ് പുത്തൻപുരയിൽ, ജോർജ് പുള്ളോർക്കുന്നേൽ, സണ്ണി മുത്തോലം, ബിനോയ് കിഴക്കനടി, സുജ ഇത്തിത്തറ എന്നിവരോടൊപ്പം ജനറൽ കൺവീനർ റ്റോണി പുല്ലാപ്പള്ളി, കൺവീനർമാരായ ജോയി വാച്ചാച്ചിറ, തങ്കമ്മ നെടിയകാലായിൽ, കുര്യൻ നെല്ലാമറ്റം, ടോമി കുന്നശേരിയിൽ, ഷിബു മുളയാനിക്കുന്നേൽ, ബിനോയി കിഴക്കനടി എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.