അവധിയില്ലാത്ത വായനയുമായി ചില്ല
Saturday, July 23, 2016 7:47 AM IST
റിയാദ്: സൗദിയിലെ വേനലവധിയിലും പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനും അറിയുന്നതിനും അവധി നൽകാതെ അക്ഷരസ്നേഹികൾ ഒത്തുകൂടി. ചില്ല സർഗവേദിയുടെ പ്രതിമാസ പരിപാടിയായ ‘എന്റെ വായന’ പ്രശസ്ത മെക്സിക്കൻ എഴുത്തുകാരൻ ഡേവിഡ് ടോസ്കാനയുടെ ‘അവസാനത്തെ വായനക്കാരൻ’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സി.വി. മൻമോഹൻ ഉദ്ഘാടനം ചെയ്തു. ആഴങ്ങളെ സ്പർശിക്കാത്ത നിരർഥക എഴുത്തുകൾ ‘നരക അറ’യിലേക്ക് തള്ളുന്ന നോവലിസ്റ്റ് ഗൗരവമുള്ള വായന വെറുതെയാകില്ല എന്നു സൂചിപ്പിക്കുന്നു. സ്പാനിഷ് സാഹിത്യത്തിന്റെ പ്രൗഢിയും സൗന്ദര്യവും സമ്മേളിക്കുന്നതാണ് നോവലെന്ന് മൻമോഹൻ പറഞ്ഞു.

പത്രപ്രവർത്തക റാണ അയ്യൂബ് എഴുതിയ‘ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് എ കവറപ്പ്’ എന്ന പുസ്തകം നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ഗുജറാത്ത് കലാപത്തെ തുറന്നു കാട്ടുന്ന ഒളികാമറ ഓപ്പറേഷനുകളുടെ വിവരണങ്ങളുള്ള പുസ്തകം 2002 ൽ നടന്ന വർഗീയ കലാപങ്ങളിലൂടെ ബിജെപി എങ്ങനെയാണ് അധികാരത്തിലെത്തിയത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

പ്രശസ്ത പോർച്ചുഗീസ് എഴുത്തുകാരൻ ഷൂസെ സരമാഗു രചിച്ച ‘മരണം മാറുന്ന ഇടനേരത്ത്’ എന്ന നോവൽ ഇക്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. രസകരവും എന്നാൽ ചിന്തയെ ഉണർത്തി വിടുന്നതുമായ നോവൽ മരണത്തെ അതിന്റെ സാംസ്കാരിക സാമൂഹിക മനഃശാസ്ത്ര മേഖലകളിലൂടെ സമീപിക്കുന്ന രീതിയിലാണ് രചിച്ചിരിക്കുന്നതെന്ന് ഇക്ബാൽ പറഞ്ഞു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ23രവശഹഹമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ആനന്ദിന്റെ രാഷ്ര്‌ടീയ ലേഖനങ്ങളുടെ സമാഹാരം ‘ഓർക്കുക കാവലിരിക്കുകയാണ്’ ടി.ആർ. സുബ്രഹ്മണ്യനും കേരളത്തിലെ നക്സലൈറ്റ് പ്രസ്‌ഥാനത്തിൻറെ ചരിത്രം പറയുന്ന ആർ.കെ. ബിജുരാജിന്റെ ഏറെ ശ്രദ്ധനേടിയ ‘നക്സൽ ദിനങ്ങൾ’ എന്ന കൃതി ആർ.മുരളീധരനും ‘മാധവിക്കുട്ടിയുടെ പ്രേമകഥകൾ’ എന്ന കഥാസമാഹാരം ആർ. സുരേഷ്ബാബുവും സൂര്യ ഗോപിയുടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ ‘ഉപ്പുമഴയിലെ പച്ചിലകൾ’ എന്ന ചെറുകഥാസമാഹാരം റഫീഖ് പന്നിയങ്കരയും അവതരിപ്പിച്ചു.

തുടർന്നു നടന്ന സർഗസംവാദത്തിൽ നിജാസ്, മുനീർ വട്ടേകാട്ടുകര, ശമീം തളാപ്രത്ത്, അബ്ദുൽ ലത്തീഫ്, ടി. ജാബിറലി എന്നിവർ സംസാരിച്ചു. സബീന എം. സാലി, ജോഷി പെരിഞ്ഞനം, സഫ്തർ, ഷൈജു ചെമ്പൂർ, എ. പ്രദീപ്കുമാർ, എൻ. ജാബിർ, ഷഫീഖ്, അബ്ദുറഹ്മാൻ, നടരാജൻ, വിപിൻ, മുഹമ്മദ് ഉള്ളിവീട്ടിൽ എന്നിവർ സംബന്ധിച്ചു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.