സൗദിയിൽ ഹോട്ടലുകളുടെ അടുക്കളയിലും കാമറ സ്‌ഥാപിക്കാൻ നിർദേശം
Saturday, July 23, 2016 5:05 AM IST
ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ഹോട്ടലുകളിൽ അടുക്കളയിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും കാമറകൾ സ്‌ഥാപിക്കാൻ കിഴക്കൻ പ്രവിശ്യാ നഗരസഭ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിർദേശം എല്ലാ ബലദിയ്യകൾക്കും നൽകിയതായി നഗരസഭ മേധാവി അബ്ദുൽ റഹ്മാൻ സാലിഹ് അൽഷുഹൈൽ വ്യക്‌തമാക്കി.

ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടി. കാമറയിലെ വിവരങ്ങൾ ഒരുമാസത്തേയ്ക്കു സൂക്ഷിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഇവ പരിശോധിക്കുന്നതിനു വേണ്ടിയാണിത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഉടൻതന്നെ ഹോട്ടൽ ഉടമകൾക്കു നൽകും.

ഹോട്ടലുകളിൽ അടുക്കളയിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും കാമറകൾ സ്‌ഥാപിച്ചിരിക്കണമെന്ന നിബന്ധന ആദ്യ ഘട്ടത്തിൽ നിർബന്ധപൂർവം സ്‌ഥാപിക്കേണ്ടതില്ലെങ്കിലും പിന്നീട് നിർബന്ധമാക്കുമെന്നാണ് സൂചന.

പാചകം ചെയ്യുന്ന സ്‌ഥലങ്ങൾ ഭക്ഷണം കഴിക്കാനെത്തുന്നവർക്കു കാണുന്ന തരത്തിൽ ഗ്ലാസ് ഇട്ട് വേർതിരിക്കണമെന്ന വ്യവസ്‌ഥ നിലവിലുണ്ട്.

ഹോട്ടലുകളിലും മറ്റു ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്ന സ്‌ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തുന്നവർ 940 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും നഗരസഭ നിർദേശിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം