ഓസ്ട്രിയയിൽ ഇന്ത്യൻ യുവാക്കൾക്കുനേരെ ആക്രമണം: രണ്ടു പേർക്ക് പരിക്കേറ്റു
Saturday, July 23, 2016 4:59 AM IST
വിയന്ന: ഓസ്ട്രിയൻ തലസ്‌ഥാനമായ വിയന്നയിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയിലും ഒൻപതാമത്തെ ജില്ലയിലും പത്ര വിതരണം നടത്തിയിരുന്ന ഇന്ത്യക്കാർക്കെതിരായി നടന്ന ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

ജൂലൈ 19നാണ് സംഭവം. ഇരുപത്തിമൂന്നാമത്തെ ജില്ലയിൽ അർധരാത്രിയിൽ മൂവർ സംഘം പത്രവിതരണം നടത്തുന്ന വാഹനം അടിച്ചു തകർക്കുകയും 25ഉം 26ഉം വയസുള്ള വടക്കേ ഇന്ത്യൻ സ്വദേശികളായ രണ്ടുപേരെ ഇരുമ്പുവടിക്ക് അടിച്ചു പരിക്കേൽപ്പിക്കുകയുമാണ് ചെയ്തത്.

വിയന്നയിലെ ഒൻപതാമത്തെ ജില്ലയിൽ പുലർച്ചെ 3.30ന് പത്രവിതരണത്തിനായി ഉപയോഗിക്കുന്ന വാഹനം അടിച്ചു തകർത്തു. ഇരുമ്പുവടിക്ക് അടിയേറ്റ 25 കാരനെ, കൈയ്ക്കു പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും അക്രമികൾ ഓടി രക്ഷപെട്ടു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ