കുടുംബ കലഹത്തെതുടർന്നു ഇന്ത്യക്കാരൻ ഭാര്യയെ കൊലപ്പെടുത്തി
Saturday, July 23, 2016 4:53 AM IST
ന്യൂജേഴ്സി: കുടുംബകലഹത്തെത്തുടർന്നു ഇന്ത്യക്കാരൻ ഭാര്യയെ കൊലപ്പെടുത്തി. ജൂലൈ 19നായിരുന്ന സംഭവം. പെൻസ്വില്ലിലെ അപ്പാർട്ടുമെന്റിൽ താമസക്കാരനായ നാല്പത്താറുകാരൻ നിതിൻ സിംഗ് ആണ് ഭാര്യ സീമയെ (42) ശരീരമാസകലം കുത്തിമുറിവേൽപ്പിച്ചു കൊലപ്പെടുത്തിയത്. കൃത്യം നിർവഹിച്ചശേഷം പ്രതി നിതിൻ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തുമ്പോൾ സീമയുടെ മൃതദേഹം അടുക്കളയിലെ തറയിൽ കിടക്കുകയായിരുന്നു. മുഖത്തും മാറിലും വയറ്റിലും ഏറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം എന്നു സംശയിക്കുന്നു.

ഫസ്റ്റ് ഡിഗ്രി മർഡർ ഉൾപ്പെടെ നിരവധി വകുപ്പുകൾ ചേർത്ത് കേസെടുത്ത പോലീസ് നിതിനെ മാനിംഗ്ടൺ ടൗൺഷിപ്പിലെ സലേം കൗണ്ടി കറക്ഷൻ ഫെസിലിറ്റിയിൽ പാർപ്പിച്ചിരിക്കുകയാണ്. പ്രതിക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

നിതിൻ–സീമ ദമ്പതികൾക്ക് പതിനാറും ആറും അഞ്ചും വയസുള്ള കുട്ടികളുണ്ട്. ഇവർ ഉറങ്ങികിടക്കുമ്പോഴാണ് കൃത്യം നടന്നത്. ക്യുക്ക് സ്റ്റോർ ഡേലിയുടെ ഉടമസ്‌ഥനാണ് നിതിൻ.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ