എത്രയും പെട്ടെന്നു പോകുന്നോ, അത്രയും നല്ലത്: ബ്രിട്ടനോടു ഫ്രാൻസ്
Friday, July 22, 2016 8:22 AM IST
പാരീസ്: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ അധികം നീട്ടരുതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ്.

തന്നെ സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നിലാണ് ഒളാന്ദ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. എത്രയും വേഗം ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നോ, ബ്രിട്ടനു അത്രയും നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പാരീസിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബ്രെക്സിറ്റ് സംബന്ധിച്ച അനൗപചാരിക ചർച്ചകൾക്കാണ് തെരേസ ജർമനിയിൽനിന്ന് ഇവിടെയെത്തിയത്. ജർമനിയിൽ ചാൻസലർ ആംഗല മെർക്കലുമായും ഇതേ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.

നടപടിക്രമങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും സമയക്രമം നിശ്ചയിക്കണമെന്നും മെർക്കലും ആവശ്യപ്പെട്ടിരുന്നു.

സ്വതന്ത്ര സഞ്ചാരത്തിനു ബ്രിട്ടനിൽ അനുമതിയില്ലാത്ത കാലത്തോളം യൂറോപ്പിന്റെ ഏകീകൃത വിപണിയിൽ ബ്രിട്ടനും പ്രവേശനം ലഭിക്കില്ലെന്നും ഒളാന്ദ് ചർച്ചയിൽ വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ