അബുദാബിയിൽ ഈന്തപ്പഴമേളയ്ക്കു തുടക്കമായി
Friday, July 22, 2016 8:20 AM IST
അബുദാബി: പത്തുദിവസത്തെ വേനൽക്കാല കാർഷികോത്സവമായ ലിവ ഈന്തപ്പഴമേളയ്ക്കു അബുദാബിയിൽ തുടക്കമായി. വിവിധയിനം ഈന്തപ്പഴങ്ങളുടെ വൻ ശേഖരമാണ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഇവ രുചിക്കാനും കൂടുതൽ അറിയാനും വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തും. ജൂലൈ 30നു അവസാനിക്കുന്ന മേളയിൽ വിവിധ സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

വർഷംതോറും മികച്ച ഉത്പന്നങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള കർഷകരുടെ മൽസരമാണു ഫെസ്റ്റിവലിനെ ഏറ്റവും ആകർഷകമാക്കുന്നത്.

രാജ്യത്തെ മികച്ച ഗുണമേന്മയുള്ള ഈന്തപ്പഴങ്ങളെല്ലാം മേളയിൽ ലഭ്യമാണ്. പ്രവേശനം സൗജന്യമായ മേളയിലേക്കു ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് പ്രവേശനം.