ഫ്ളോറൽ പാർക്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
Friday, July 22, 2016 8:19 AM IST
ന്യൂയോർക്ക്: വിശുദ്ധ അൽഫോൻസാമ്മയെ സാർവത്രിക സമൂഹത്തിനു പരിചയപ്പെടുത്തിയ ഇന്ത്യക്കു വെളിയിലുള്ള ആദ്യത്തെ റോമൻ കത്തോലിക്ക ദേവാലയമായ ഫ്ളോറൽ പാർക്ക് ഔവർ ലേഡി ഓഫ് ദി സ്നോസിൽ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു.

ജൂലൈ 17നു വൈകുന്നേരം നാലിനാരംഭിച്ച ആഘോഷമായ ദിവ്യബലിയിൽ ബ്രൂക്ക്ളിൻ രൂപത ഓക്സിലറി ബിഷപ് പോൾ സാഞ്ചെസ് മുഖ്യകാർമികത്വം വഹിച്ചു. പതിനഞ്ചോളം വൈദികർ സഹകാർമികരായിരുന്നു. ഇടവക വികാരി ഫാ. കെവിൻ മ്ക്ബ്രയൻ സന്ദേശം നൽകി. ലിസ കെല്ലിയും മലയാളി ക്വയർ ഗ്രൂപ്പും ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി.

തുടർന്നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പും രൂപവും വഹിച്ച് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു. സെന്റ് സ്റ്റീഫൻസ് ക്നാനായ ഗ്രൂപ്പിന്റെ ചെണ്ടമേളവും നൈറ്റ്സ് ഓഫ് കൊളമ്പസിന്റെ അകമ്പടിയും പ്രദക്ഷിണത്തെ ഭക്‌തിസാന്ദ്രമാക്കി. വിഭവസമൃദ്ധമായ സദ്യയോടെ ഈ വർഷത്തെ തിരുനാളിനു കൊടിയിറങ്ങി.

<ആ>റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ